അഖില്‍ പി ധര്‍മജന്റെ നോവല്‍ 'റാം കെയര്‍ ഓഫ് ആനന്ദി' സിനിമയാകുന്നു
തിരക്കഥാകൃത്തും യുവ എഴുത്തുകാരനുമായ അഖില്‍. പി. ധര്‍മജന്റെ നോവല്‍ 'റാം കെയര്‍ ഓഫ് ആനന്ദി' സിനിമയാകുന്നു. നവാഗത അനുഷ പിള്ളയാണ് സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ ഇരു സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖ താരങ്ങളുണ്ടാകുമെന്നാണ് സൂചന. വെല്‍ത്ത് ഐ സിനിമാസിന്റെ ബാനറില്‍ നിര്‍മാതാവ് വിഗ്‌നേഷ് വിജയകുമാറാണ് നിര്‍മിക്കുന്നത്. കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ വെല്‍ത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്നേഷ് വിജയകുമാറും സംവിധായകനും വെല്‍ത്ത് ഐ സിനിമാസ് ജൂറി ചെയര്‍മാന്‍ കൂടിയായ കമലും ചേര്‍ന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും പ്രമേയമാകുന്ന ചിത്രത്തിലൂടെ മറ്റൊരു വനിത സംവിധായിക കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്. സംവിധായകന്‍ കമലിന്റെ അസോസിയേറ്റ് ഡയറക്ടറായ അനുഷ വികെ പ്രകാശിന്റെ കൂടെയും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിവര്‍ഷം മൂന്ന് സിനിമകള്‍ എന്ന ലക്ഷ്യത്തോടെ ലോഞ്ച് ചെയ്ത വെല്‍ത്ത്-ഐ സിനിമാസ് സിനിമയില്‍ നിന്നു കിട്ടുന്ന വരുമാനം അവശകലാകാരന്മാരുടെ പുനരധിവാസത്തിനായി നീക്കിവെക്കുമെന്ന് നിര്‍മ്മാതാവ് വിഘ്നേഷ് വിജയകുമാര്‍ അറിയിച്ചു. സിനിമ പഠിക്കാനായി റാം എന്ന യുവാവ് ചെന്നൈയിലേക്ക് പോകുന്നതും അവിടെവെച്ച് റാമിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന മനുഷ്യരുടെ കഥയാണ് 'റാം കെയര്‍ ഓഫ് ആനന്ദി'.