അന്താരാഷ്ട്ര ചലച്ചിത്രമേള; കലൈഡോസ്‌കോപ്പിൽ എട്ട് സിനിമകൾ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസംബര്‍ എട്ടു മുതല്‍ 15 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദിവാ ഷാ സംവിധാനം ചെയ്ത 'ബഹദൂര്‍- ദ ബ്രേവ്, സൗരവ് റായുടെ 'ഗുരാസ്, അനുരാഗ് കശ്യപിന്റെ 'കെന്നഡി', സന്തോഷ് ശിവന്റെ 'മോഹ', ജയന്ത് സോമാല്‍ക്കറിന്റെ 'സ്ഥല്‍', കരണ്‍ തേജ്പാലിന്റെ 'സ്റ്റോളന്‍',ഡോ.ബിജുവിന്റെ 'അദൃശ്യജാലകങ്ങള്‍', റോജിന്‍ തോമസിന്റെ 'ഹോം' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.കോവിഡ് 19 രോഗവ്യാപനകാലത്ത് നേപ്പാളി കുടിയേറ്റ തൊഴിലാളികള്‍ അനുഭവിച്ച ദുരിതങ്ങളാണ് 'ബഹദൂര്‍- ദ ബ്രേവ്' ചിത്രീകരിക്കുന്നത്. സ്‌പെയിനിലെ 71ാമത് സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ നവാഗത സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണിത്. ടിങ്കിള്‍ എന്ന വളര്‍ത്തുനായയുടെ തിരോധാനത്തെപ്പറ്റി അന്വേഷിച്ചിറങ്ങുന്ന ഗുരാസ് എന്ന കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയായ 'ഗുരാസി'ന് ചെക് റിപ്പബ്‌ളിക്കിലെ കാര്‍ലോവി വാരി ചലച്ചിത്രമേളയില്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ ആദ്യപ്രദര്‍ശനം നടത്തിയ അനുരാഗ് കശ്യപിന്റെ 'കെന്നഡി' മുംബൈയില്‍ ലോക് ഡൗണ്‍ കാലത്ത് വ്യാപകമായ പോലീസ് അഴിമതിയെ മറനീക്കി കാണിക്കുന്നു. 52ാമത് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയ സന്തോഷ് ശിവന്റെ 'മോഹ'മിത്തുകളുടെ പശ്ചാത്തലത്തില്‍ പ്രണയം,തൃഷ്ണ, അധികാരം, ഹിംസ എന്നിവയെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കുകയാണ്. സംഭാഷണങ്ങളില്ലാത്ത ഈ ചിത്രം ആഖ്യാതാവിന്റെ വിവരണത്തിലൂടെയും കഥാപാത്രങ്ങളുടെ ശരീരഭാഷയിലൂടെയുമാണ് ആശയങ്ങള്‍ അവതരിപ്പിക്കുന്നത്.ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നെറ്റ് പാക് അവാര്‍ഡ് നേടിയ ചിത്രമാണ് 'സ്ഥല്‍'. മേളയിലെ ഡിസ്‌കവറി പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഏകചിത്രമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വളര്‍ന്നു വരുന്ന പ്രതിഭകളെ കണ്ടത്തെുന്ന പാക്കേജ് ആണിത്. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിക്കുന്ന വിവാഹത്തിന്റെ യാഥാസ്ഥിതിക സ്വഭാവത്തെ ചോദ്യം ചെയ്യുകയാണ് ഈ ചിത്രം. ഈ വര്‍ഷത്തെ വെനീസ് മേളയിലും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയുട്ടിന്റെ ലണ്ടന്‍ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ച ചിത്രമാണ് 'സ്റ്റോളന്‍'. ഒരു ഗ്രാമീണ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അഞ്ചു വയസ്സുള്ള കുഞ്ഞ് അമ്മയില്‍നിന്നും തട്ടിപ്പറിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ഉദ്വേഗജനകമായ സംഭവങ്ങളാണ് ചിത്രം ആവിഷ്‌കരിക്കുന്നത്.എസ്റ്റോണിയയിലെ താലിന്‍ ബ്‌ളാക് നൈറ്റ്‌സ് ഫെസ്റ്റിവലില്‍ ആദ്യപ്രദര്‍ശനം നടത്തിയ 'അദൃശ്യജാലകങ്ങള്‍' അധികാരമോ ആനുകൂല്യങ്ങളോ ഇല്ലാത്ത സാധാരണ മനുഷ്യര്‍ യുദ്ധം, ഫാസിസം എന്നിവയുടെ പശ്ചാത്തലത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ തീക്ഷ്ണമായ ആവിഷ്‌കാരമാണ്. മികച്ച മലയാള ചിത്രത്തിനുള്ള 2021ലെ ദേശീയ പുരസ്‌കാരം നേടിയ 'ഹോം' പിതൃപുത്രബന്ധത്തിന്റെയും തലമുറകള്‍ തമ്മിലുള്ള വിടവിന്റെയും ഹൃദയഹാരിയായ ആവിഷ്‌കാരമാണ്. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.