ആത്മഹത്യക്ക് ശ്രമിച്ചിട്ട് ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മേല്‍ കുറ്റംചുമത്താന്‍ ശ്രമിക്കുന്നത് കൊടും ക്രൂരത
ന്യൂഡല്‍ഹി: ആത്മഹത്യക്ക് ശ്രമിച്ചിട്ട് ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മേല്‍ കുറ്റംചുമത്താന്‍ ശ്രമിക്കുന്നത് ഭാര്യയുടെ കൊടുംക്രൂരതയാണെന്ന് ഡല്‍ഹി ഹൈകോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുടുംബം കള്ളക്കേസുകളില്‍ കുടുക്കപ്പെടുമെന്ന നിരന്തരമായ ഭീഷണിയിലാണ് ജീവിക്കുന്നത്. ആവര്‍ത്തിച്ചുള്ള ആത്മഹത്യ ഭീഷണിയും ആത്മഹത്യ ശ്രമവും ക്രൂരതയാണെന്നും ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഭാര്യയുടെ ക്രൂരതയുടെ പേരില്‍ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ദമ്പതികള്‍ തമ്മില്‍ വിവാഹം കഴിച്ച നാള്‍ മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ്. ഒടുവില്‍ ഭാര്യ കൊതുകിനെ തുരത്താനുള്ള ദ്രാവകം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിച്ചതായാണ് യുവതി പരാതി പറഞ്ഞതെന്നും ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. തനിക്ക് ശരിയായി ഭക്ഷണം പോലും നല്‍കിയില്ലെന്നും ടോണിക്ക് ആണെന്ന് പറഞ്ഞാണ് ഭര്‍ത്താവ് ലായനി കുടിപ്പിച്ചതെന്നും യുവതി ആരോപിച്ചു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു എന്ന കാര്യം യുവതി പിന്നീട് സമ്മതിക്കുകയുണ്ടായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍തൃകുടുംബം കള്ളക്കേസുകളില്‍ കുടുക്കപ്പെടുമെന്ന ഭീഷണിയിലാണ് കഴിയുന്നതെന്നും കോടതി നിരീക്ഷിച്ചു.
ആവര്‍ത്തിച്ചുള്ള ആത്മഹത്യാ ഭീഷണിയും ആത്മഹത്യാശ്രമവും ക്രൂരതയ്ക്ക് തുല്യമായ നടപടിയാണെന്ന് മറ്റൊരു കേസില്‍ സുപ്രീം കോടതി വിലയിരുത്തി. ആത്മഹ്യ ശ്രമം വിജയിച്ചാല്‍ ഭര്‍ത്താവും കുടുംബവും പ്രതിക്കൂട്ടിലാകും. നിരപരാധിയായാല്‍ പോലും അത് അയാളുടെ ജീവിതംതന്നെ നശിപ്പിക്കും. അത്തരത്തിലുള്ള ആത്മഹ്യ ശ്രമം ക്രൂരതക്ക് തുല്യമാണെന്നും കോടതി വിലയിരുത്തി.
ഏതുകാര്യത്തിനും നിയമപരമായ പരിഹാരം തേടാന്‍ ഭാര്യക്ക് അവകാശമുണ്ടെങ്കിലും ഭര്‍തൃകുടുംബത്തിനെതിരെ സ്ത്രീധനം ചോദിച്ചു എന്നതടക്കമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ഉന്നയിക്കുന്നതും അവര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്യുന്നത് ക്രൂരതയാണ്. ഇവിടെ രണ്ടുവര്‍ഷത്തെ വിവാഹ ജീവിതത്തില്‍ 10 വര്‍ഷം മാത്രമാണ് ദമ്പതികള്‍ ഒരുമിച്ചു താമസിച്ചതെന്ന് കോടതിക്ക് മനസിലായിട്ടുണ്ട്. അക്കാലത്ത് പോലും ഭര്‍തൃകുടുംബത്തിനെതിരെ തെറ്റായ പരാതികള്‍ നല്‍കാനും ആരോപണങ്ങള്‍ ഉന്നയിക്കാനുമാണ് യുവതി ശ്രമിച്ചത്. അതിനാല്‍ ഭാര്യയുടെ ക്രൂരതയില്‍ നിന്ന് മോചനം നേടാന്‍ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി നടപടി ശരിവെക്കുകയാണെന്നും കോടതി വ്യക്തമാക്കി. വിവാഹ മോചനം ശരിവെച്ച കുടുംബകോടതിയുടെ വിധിക്കെതിരെ യുവതി നല്‍കിയ ഹരജിയാണ് ഡല്‍ഹി ഹൈകോടതി തള്ളിയത്.