ഇനിയെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറാകുമോയെന്ന് ഉദ്ധവ് താക്കറെ
മുംബൈ: ഇനിയെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറാകുമോയെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. കഴിഞ്ഞ ഒരുവര്‍ഷമായി മണിപ്പൂര്‍ സമാധാനത്തിനായി കാത്തിരിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു. ആര്‍.എസ്.എസ് പോലും ഇക്കാര്യം പറയുന്നു. ഈ സാഹചര്യത്തില്‍ ഇനിയെങ്കിലും മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയാറാകുമോ എന്നാണ് താക്കറെ ചോദിച്ചത്. ജമ്മുകശ്മീരിനെ പ്രത്യേക പദവിയില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് മനസ്സിലാക്കണമെന്ന് സൂചിപ്പിച്ച ഉദ്ധവ് താക്കറെ റിയാസി ഭീകരാക്രമണത്തില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടമായതില്‍ മോദിയെ ചോദ്യം ചെയ്യുകയും ചെയ്തു.
ഓരോ ജീവനുകളും നഷ്ടപ്പെടുകയാണ്. ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിന് ആരാണ് ഉത്തരം പറയുക??-ഉദ്ധവ് ചോദിച്ചു. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോര്‍ത്താണ് തനിക്ക് ആശങ്കയെന്നും അല്ലാതെ എന്‍.ഡി.എ സര്‍ക്കാരിനെ കുറിച്ച് ഓര്‍ത്തിട്ടല്ലെന്നും ഉദ്ധവ് വ്യക്തമാക്കി.
ഒരു യഥാര്‍ഥ സേവകന് തന്റെ ജനങ്ങളെ വേദനിപ്പിക്കാനാവില്ലെന്നും ഭാഗവത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് ആര്‍.എസ്.എസും ബി.ജെ.പിയും തമ്മിലെ ഭിന്നതയാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നതെന്ന് സൂചിപ്പിച്ച് ഭൂപേഷ് ബാഗേല്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. രാജ്യസഭ എം.പി കപില്‍ സിബലും ഭാഗവതിന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ചിരുന്നു. പ്രതിപക്ഷം മണിപ്പൂരിനെ കുറിച്ച് നിരവധി തവണ ആശങ്ക പ്രകടിപ്പിച്ചിട്ടും മോദി അത് ചെവിക്കൊണ്ടില്ലെന്നായിരുന്നു സിബലിന്റെ വിമര്‍ശനം.
2023 മേയ് ആദ്യവാരമാണ് മണിപ്പൂരില്‍ കലാപം തുടങ്ങിയത്. സംസ്ഥാനത്തെ മേയ്ത്തി, കുങ്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കലാപമായി മാറുകയായിരുന്നു. കലാപത്തില്‍ 225 പേര്‍ കൊല്ലപ്പെട്ടു. 60,000ത്തിലേറെ ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു.