ഉദയനിധിയും നിര്‍മല സീതാരാമനും തമ്മിലുള്ള വാക്പോര് മുറുകുന്നു
ചെന്നൈ: തമിഴ്നാട്ടിലെ പ്രളയ ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ഉദയനിധി പറയുന്നത്. അപ്പന്‍ അഥവാ അച്ഛന്‍ എന്നത് എങ്ങനെയാണു ഒരു അസഭ്യമായ വാക്കാകുക എന്നാണ് തമിഴ്നാട് കായിക വകുപ്പ് മന്ത്രി കൂടിയായ ഉദയനിധിയുടെ ചോദ്യം.സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക സഹായമാണ് തേടുന്നതെന്നും ധനമന്ത്രിയുടെ 'അച്ഛന്റെ' സ്വത്തില്‍ ഒരു വിഹിതമല്ലെന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഉദയനിധിയുടെ മറുപടി. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ പോലും രാഷ്ട്രീയം കലര്‍ത്താനാണ് നിര്‍മലയുടെ ശ്രമമെന്നും ഉദയനിധി കുറ്റപ്പെടുത്തി.
പ്രളയദുരിതാശ്വാസമായി കൂടുതല്‍ ഫണ്ട് തമിഴ്നാടിന് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടിഎം അല്ല എന്ന നിര്‍മല സീതാരാമന്റെ പ്രസ്താവനയ്ക്ക് ഉദയനിധി സ്റ്റാലിന്‍ നല്‍കിയ മറുപടി കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ''കേന്ദ്രമന്ത്രിയുടെ അച്ഛന്റെയോ കുടുംബത്തിന്റെയോ സ്വത്ത് അല്ല ചോദിച്ചത്. ജനങ്ങളുടെ നികുതിയുടെ അര്‍ഹമായ വിഹിതമാണ് ആവശ്യപ്പെട്ടത്.'' എന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന.എന്നാല്‍ സൂക്ഷിച്ചു സംസാരിക്കണമെന്നു ഉദയനിധിക്ക് മറുപടി നല്‍കിയ നിര്‍മല സീതാരാമന്‍, അച്ഛന്റെ സ്വത്ത് കൊണ്ടാണോ ഉദയനിധി അധികാരം ആസ്വദിക്കുന്നതെന്ന് താന്‍ ചോദിച്ചാല്‍ എന്താകും എന്ന് കൂടി മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു.
'പ്രധാന സ്ഥാനങ്ങളിലുള്ളവര്‍ വാക്കുകള്‍ ശ്രദ്ധിക്കണം. ഉദയനിധിയോട് വിരോധമില്ല. പക്ഷേ രാഷ്ട്രീയത്തില്‍ അച്ഛന്റെ സ്വത്തിനെ കുറിച്ച് സംസാരിക്കേണ്ടതില്ല. മുത്തച്ഛനായ കരുണാനിധി വാക്കുകളുടെ ഉപയോഗം മനസിലാക്കിയിരുന്ന സാഹിത്യകാരനാണെന്നതും അദ്ദേഹം മറക്കുന്നു' നിര്‍മല വിമര്‍ശിച്ചു.അതേസമയം, പ്രളയത്തില്‍ തമിഴ്നാട്ടിലെ നാല് ജില്ലകളിലായി 31 പേര്‍ മരിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ട് ഗഡുക്കളായി 900 കോടി രൂപ കേന്ദ്രം ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. തമിഴ്നാട്ടില്‍ ഇത്രയും വലിയ ദുരന്തം നടക്കുമ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഡല്‍ഹിയില്‍ ആയിരുന്നുവെന്നും ധനമന്ത്രി വിമര്‍ശിച്ചു.
എന്നാല്‍ സ്റ്റാലിന്‍ ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം സഹായിച്ചില്ലെന്നും സ്വന്തം ഫണ്ടുപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ആയിരുന്നു സ്റ്റാലിന്റെ മറുപടി.തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളില്‍ പെയ്ത കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് 6000 രൂപയും തെങ്കാശി, കന്യാകുമാരി ജില്ലകളിലെ ദുരിതബാധിതരുടെ കുടുംബത്തിന് 1000 രൂപ വീതവും തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.