എങ്ങുമെത്താതെ വാളയാറിലെ ഇന്റഗ്രേറ്റഡ് ചെക്കുപോസ്റ്റ് നിര്‍മാണം
പാലക്കാട്: സംസ്ഥാനാതിര്‍ത്തിയായ വാളയാറില്‍ മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച ഇന്റഗ്രേറ്റഡ് ചെക്കുപോസ്റ്റിന്റെ നിര്‍മാണം എങ്ങുമെത്തിയില്ല. ഉദ്യോഗസ്ഥരുടെ അഴിമതിയും കൈക്കൂലിയും ഇല്ലായ്മ ചെയ്യുന്നതിനൊപ്പം സര്‍ക്കാറിന് വരുമാന വര്‍ധനയും ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. അഴിമതി രഹിത വാളയാര്‍ പദ്ധതിയുടെ ഭാഗമായാണ് 2021 ഫെബ്രുവരി 15ന് ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റിന് തറക്കല്ലിട്ടത്.
പദ്ധതിയുടെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചു മാറ്റിയതൊഴിച്ചാല്‍ മൂന്നുവര്‍ഷം പിന്നിടുമ്പോഴും പദ്ധതിയുടെ ഭാഗമായി പ്രവൃത്തികളൊന്നും നടന്നട്ടില്ല. അരനൂറ്റാണ്ടു പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലവും സമീപത്തെ പഴയ ബേ ബ്രിഡ്ജുമെല്ലാം ലോട്ടറി കടകള്‍ കൈയടക്കി. 1958ല്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് രൂപവത്കരിച്ചപ്പോള്‍ സ്ഥാപിച്ച പ്രഥമ ചെക്‌പോസ്റ്റുകൂടിയാണ് വാളയാറിലേത്.
രാജ്യത്ത് സംസ്ഥാനാതിര്‍ത്തികളിലെ മോട്ടോര്‍ വാഹന ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവും ദേശീയപാത അതോറിറ്റിയുടെ സാങ്കേതിക ബുദ്ധിമുട്ടുകളറിയിച്ചുള്ള നിര്‍ദേശവുമാണ് പദ്ധതി നിലക്കാന്‍ കാരണമെന്നാണ് പറയുന്നത്.
തറക്കല്ലിടല്‍ കഴിഞ്ഞപ്പോള്‍ ഏഴുമാസത്തിനകം ചെക്‌പോസ്റ്റ് പ്രവര്‍ത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റിനായുള്ള ടെന്‍ഡര്‍ നടപടികളും വേഗത്തിലായിരുന്നതിനു പുറമെ ഊരാളുങ്കലിനും കോസ്റ്റ് ഗാര്‍ഡിനുമായിരുന്നു നിര്‍മാണ ചുമതല. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഗഡുവായി രണ്ടു കോടി രൂപ അനുവദിച്ചു.
എന്നാല്‍ പദ്ധതിയുടെ ഭാഗമായ പഴയകെട്ടിടം പൊളിച്ച ശേഷമാണ് അതിര്‍ത്തികളിലെ ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവിറങ്ങുന്നതെന്നതിനാല്‍ പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ല.
11 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച ചെക്കുപോസ്റ്റില്‍ താഴത്തെ നിലയില്‍ ബേ ബ്രിഡ്ജ്, ഓഫിസ്, രണ്ടാം നിലയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമമുറി, അടുക്കള, ശൗചാലയങ്ങള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും മൂന്നാം നിലയില്‍ ആധുനിക കണ്‍ട്രോള്‍ റൂമിനുപുറമെ ഇതര ഓഫിസുകളുമാണ് ലക്ഷ്യമിട്ടത്. ചരക്കുവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഭാര പരിശോധനക്കായി മൂന്ന് ബേ ബ്രിഡ്ജുകളും ഒരു സ്റ്റാന്റിങ് ബ്രിഡ്ജും 16 സി.സി.ടി.വി കാമറകളുടെ തത്സമയ റെക്കോര്‍ങ്ങുമുണ്ടാകും. എന്നാല്‍ ഇതെല്ലാം ഇന്ന് ഫയലുകളിലൊതുങ്ങുകയാണ്.