എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്ക് മടങ്ങാന്‍ വേണ്ടി ചാര്‍ട്ടേഡ് വിമാനം ലഭ്യമാക്കുന്നതിനായി മറ്റൊരു സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ലൈനിന്റെ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പില്‍ നിന്നും വിശദീകരണം തേടി. ബോയിങ്ങിന്റെ 777 വിമാനമാണ് ഇന്ത്യന്‍ ടീമംഗങ്ങളെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ ഇന്ത്യ ഉപയോഗിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളേയും കുടുംബാംഗങ്ങളേയും സപ്പോര്‍ട്ടിങ് സ്റ്റാഫിനേയും നാട്ടിലെത്തിക്കുന്നതിനാണ് ബി.സി.സി.ഐ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയത്. ബാര്‍ബഡോസിലെ ഗ്രാന്റ്‌ലി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബുധനാഴ്ച യാത്രതിരിച്ച വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയിരുന്നു.
ബി.സി.സി.ഐക്ക് വിമാനം കൊടുക്കാനായി എയര്‍ ഇന്ത്യ അവരുടെ നേവാര്‍ക്ക്-ഡല്‍ഹി എ106 വിമാനം റദ്ദാക്കിയെന്നാണ് ആരോപണം. ജൂലൈ രണ്ടിലെ വിമാനമാണ് റദ്ദാക്കിയത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് വേണ്ടി റഗുലര്‍ സര്‍വീസുകള്‍ റദ്ദാക്കരുതെന്ന് ഡി.ജി.സി.എ ചട്ടത്തില്‍ പറയുന്നുണ്ട്. ഇത് കമ്പനി ലംഘിച്ചോയെന്ന പരിശോധനക്കാണ് ഡി.ജി.സി.എ ഒരുങ്ങുന്നത്.
വിമാനം റദ്ദാക്കിയത് മൂലം യാത്ര മുടങ്ങിയ ആളുകള്‍ക്കായി എന്ത് ചെയ്തുവെന്ന് വിശദീകരിക്കാനും എയര്‍ ഇന്ത്യയോട് ഡി.ജി.സി.എ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം, വിവാദം സംബന്ധിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയാറായിട്ടില്ല.
വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചുവെന്നും ഇവര്‍ക്ക് മറ്റുവിമാനങ്ങളില്‍ സീറ്റ് നല്‍കിയെന്നും അല്ലാത്തവര്‍ക്ക് ഹോട്ടലില്‍ താമസസൗകര്യം ഒരുക്കിയെന്നുമാണ് എയര്‍ ഇന്ത്യ അനൗദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാല്‍, തങ്ങള്‍ക്ക് യാത്രാസൗകര്യം ഒരുക്കിയില്ലെന്ന പരാതിയുമായി ചില യാത്രക്കാര്‍ രംഗത്തെത്തി.