കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് കേന്ദ്രം: എതിര്‍പ്പുമായി എക്‌സ്
ഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടതായി സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ എക്സ്. സമരവുമായി ബന്ധപ്പെട്ട നിരവധി അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടതായാണ് എക്സ് അറിയിച്ചത്. നിര്‍ദേശപ്രകാരം ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവെന്നും ഈ നടപടിയെ ശക്തമായി എതിര്‍ക്കുന്നതായും 'ഗ്ലോബല്‍ ഗവണ്‍മെന്റ് അഫേഴ്സ്' അക്കൗണ്ടിലൂടെ എക്സ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെപ്പറ്റി അറിയിച്ചു. ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടും ഇന്ത്യയില്‍ മാത്രം വിലക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
'ഉത്തരവിലൂടെ ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇത് ചെയ്തില്ലെങ്കില്‍ തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തുവെങ്കിലും അതില്‍ തീരുമാനമായില്ല. നിയമപരമായ കാരണങ്ങളാല്‍ ഓര്‍ഡര്‍ പരസ്യപ്പെടുത്തുന്നതില്‍ പരിമിധികളുണ്ട്. പക്ഷേ ഈ കാര്യങ്ങള്‍ പൊതുജനങ്ങള്‍ അറിഞ്ഞിരിക്കണം എന്നതിനാലാണ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. കാര്യത്തിന്റെ സുതാര്യത ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ അവ പരസ്യമാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നടപടി നേരിട്ട ആളുകള്‍ക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ' - എക്സ് അറിയിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ പുറത്തുവന്ന എക്സ് പോസ്റ്റിലെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.
കര്‍ഷകസമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന് മുമ്പ് ട്വിറ്റര്‍ ആയിരുന്ന സമയത്തും കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ എക്സ് എതിര്‍ത്തിരുന്നു. ഡല്‍ഹിയില്‍ മുമ്പ് കര്‍ഷക സമരം നടന്ന സമയത്തായിരുന്നു ഇത്. സമരവുമായി ബന്ധപ്പെട്ട നിരവധി അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. അങ്ങനെ അക്കൗണ്ടുകള്‍ ബ്ലോക്കുചെയ്യാന്‍ ഐടി ആക്ടിലെ 69 എ വകുപ്പ് നിര്‍ദേശിക്കുന്നില്ലെന്നും അന്ന് കമ്പനി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വിമര്‍ശനത്തിന്റെ പേരില്‍ മാത്രം അക്കൗണ്ടുകള്‍ പൂര്‍ണമായി നീക്കം ചെയ്യാനാവില്ലെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവകാശംകൂടി ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു കമ്പനി നിലപാട്. മാദ്ധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ വിലക്കാനും ഉള്ളടക്കം നീക്കം ചെയ്യാനും ട്വിറ്ററിന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ട്വിറ്ററിന്റെ മുന്‍ മേധാവി ജാക്ക് ഡോര്‍സിയുടെ ആരോപണവും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.