'കാതലിന്റെ' ഹിന്ദി പതിപ്പിലെ വിവര്‍ത്തന പിഴവിനെതിരെ വിമര്‍ശനം ഉയരുന്നു
മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍. 2023 നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. തിയറ്ററില്‍ മികച്ച സ്വീകാര്യത നേടിയ കാതല്‍ ഒ.ടി.ടിയിലെത്തിയിട്ടുണ്ട്. പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടിയില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുന്ന, കാതലിന്റെ ഹിന്ദി പതിപ്പിലെ വിവര്‍ത്തന പിഴവിനെതിരെ വിമര്‍ശനം ഉയരുകയാണ്. ഹിന്ദി പതിപ്പിലെ ഒരു ഡയലോഗ് 'സ്വവര്‍ഗരതി'യെ 'ആത്മസുഖം' എന്നാണ് പരാമര്‍ശിച്ചത്. ഇതിനെതിരെ ക്വിയര്‍ കമ്മ്യൂണിറ്റി രംഗത്തെത്തിയിരുന്നു. സംഭാഷണത്തിലെ പിഴവ് പരിഹരിക്കണമെന്ന് ക്വിയര്‍ കമ്മ്യൂണിറ്റി പ്രൈമിനോട് ആവശ്യപ്പെട്ടിരുന്നു.
കാതലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചൊവ്വാഴ്ച രാവിലെ പ്രൈം വിഡിയോ പുതിയ പതിപ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍, സിനിമയിലെ ചില ഭാഗത്ത് ഇപ്പോഴും തെറ്റ് ആവര്‍ത്തിക്കുന്നുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നത്. സിനിമയിലെ 74-ാം മിനിറ്റിലെ ഒരു രംഗത്തില്‍, 'സ്വവര്‍ഗരതി' എന്ന സബ് ടൈറ്റില്‍ ഉണ്ടായിരുന്നിട്ടും, സംഭാഷണത്തില്‍ 'ആത്മസുഖം' എന്നാണ് പരാമര്‍ശിക്കുന്നതെന്നാണ് പ്രേക്ഷകര്‍ ചൂണ്ടി കാണിക്കുന്നു. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കാതലില്‍ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മാത്യുവിന്റെ ഭാര്യ ഓമനയായിട്ടാണ് ജ്യോതിക എത്തിയത്. സുധി കോഴിക്കോട്, ചിന്നു ചാന്ദ്‌നി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ്കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദര്‍ശ് സുകുമാരന്‍ പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് കാതലിന് തിരക്കഥയെരുക്കിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്.