കുടുംബത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാന്‍ ഭര്‍ത്താവിനോട് ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയെന്ന് ഡല്‍ഹി ഹൈക്കോടതി
ഡല്‍ഹി: ഭര്‍ത്താവിനോട് തന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാന്‍ ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്ന് ഡല്‍ഹി ഹൈക്കോടതി. എന്നാല്‍ തന്റെ ഭാര്യ വീട്ടുജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്നും ഡല്‍ഹി ഹൈകോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ക്രൂരതക്കെതിരെ വിവാഹമോചനമാവശ്യപ്പെട്ട് യുവാവ് കുടുംബകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കുടുംബകോടതി ഹരജി തള്ളുകയായിരുന്നു. ഇതിനെതിരെ യുവാവ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഡല്‍ഹി ഹൈകോടതി.
'വിവാഹ ജീവിതത്തില്‍ ഉത്തരവാദിത്വങ്ങള്‍ പങ്കിടുന്നതിന്റെ ഭാഗമായി ഭാര്യ ഗാര്‍ഹിക ജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ല. ഭര്‍ത്താവ് സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമ്പോള്‍ ഭാര്യ ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചെയ്യുന്നത് പതിവാണ്. വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് വേലക്കാരിയോട് പറയുന്നത് പോലെയല്ല. വിവാഹിത, വീട്ടുജോലികള്‍ ചെയ്യുന്നത് തന്റെ കുടുംബത്തോടുള്ള സ്നേഹവും കരുതലുമായാണ് കണക്കാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ യുവാവാണ് കോടതിയെ സമീപിച്ചത്. ഭാര്യ വീട്ടുജോലികള്‍ ചെയ്യാറില്ല. അതുപോലെ ഭര്‍തൃവീട്ടിലെ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാറുമില്ല. തന്റെ വീട്ടില്‍ നിന്ന് മാറിത്താമസിക്കണമെന്ന് ഭാര്യയും അവരുടെ കുടുംബവും നിരന്തരം ആവശ്യപ്പെട്ടിരുന്നതായും യുവാവ് ഹരജിയില്‍ ആരോപിച്ചിരുന്നു.
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ ബാധ്യതയാണെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കി ഹൈകോടതി യുവാവിന് വിവാഹമോചനം അനുവദിക്കുകയായിരുന്നു. ഒരു ഹിന്ദുവിനെ സംബന്ധിച്ച് സ്വന്തം വീട്ടില്‍ നിന്ന് മാറിത്താമസിക്കുക എന്നത് അഭികാമ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റൊരു കേസില്‍ ആണ്‍മക്കളെ വിവാഹാനന്തരം സ്വന്തം കുടുംബത്തില്‍ നിന്ന് വേര്‍പെടുത്തുന്നത് ക്രൂരതയാണെന്ന സുപ്രീംകോടതി വിധിയും ഡല്‍ഹി ഹൈകോടതി ഉയര്‍ത്തിക്കാക്കി.