കുവൈറ്റിലെ തീപിടിത്തത്തില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചതായി മന്ത്രി കെ.എസ്. മസ്താന്‍
ചെന്നൈ: കുവൈറ്റിലെ മന്‍ഗഫിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചതായി സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താന്‍. തഞ്ചാവൂര്‍, രാമനാഥപുരം, വില്ലുപുരം സ്വദേശികളായ രാമ കറുപ്പന്‍, വീരസാമി മാരിയപ്പന്‍, ചിന്നദുരൈ കൃഷ്ണമൂര്‍ത്തി, മുഹമ്മദ് ഷെരീഫ്, ഗുനാഫ് റിച്ചാര്‍ഡ് റായ് എന്നിവരാണ് മരിച്ചത്.
ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍, കുവൈറ്റിലെ തമിഴ് സംഘടനകളാണ് മരിച്ചവരുടെ വിവരങ്ങള്‍ കൈമാറിയത്. വിദേശത്തെ തമിഴ് സംഘടനകള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം മരിച്ചവരെ തിരിച്ചറിയാന്‍ കാലതാമസം വരും.
ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടന്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ബുധനാഴ്ച പുലര്‍ച്ച നാലു മണിക്കാണ് കുവൈത്തിലെ മന്‍ഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തില്‍പെട്ടത്.
മലയാളികളടക്കം 49 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 24 മലയാളികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ 196 പേരായിരുന്നു താമസിച്ചിരുന്നത്.തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതല്‍ മരണങ്ങളും. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ചിലര്‍ താഴേക്ക് ചാടി. ദുരന്തകാരണം അന്വേഷിക്കാന്‍ ഉത്തരവായിട്ടുണ്ട്.