കെ സുരേന്ദ്രനിട്ട് പണിത് ഐ ടി സെല്‍: നോട്ടീസിലും പ്രചാരണ ഗാനത്തിലും അബദ്ധങ്ങള്‍ വന്നത് മനഃപ്പൂര്‍വം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയിലും നോട്ടീസിലും പ്രചാരണ ഗാനത്തിലും അബദ്ധങ്ങള്‍ വന്നത് മന:പ്പൂര്‍വമാണെന്ന് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. കെ സുരേന്ദ്രനും ഐടി സെല്‍ കണ്‍വീനറും തമ്മിലുള്ള ഉടക്കാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സുരേന്ദ്രന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ഏറ്റെടുക്കാതെ വന്നതോടെ ഐടി സെല്‍കണ്‍വീനറെ മാറ്റണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.
ഐടി സെല്‍ വേണ്ട കാര്യങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നും വേണ്ടാത്ത കാര്യങ്ങള്‍ ഏറ്റെടുത്ത് പാര്‍ട്ടിക്ക് പുലിവാല് ഉണ്ടാക്കിക്കൊടുക്കുകയാണെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എസ് ജയ്ശങ്കറാണ് ഐടി സെല്‍ കണ്‍വീനര്‍. കെ സുഭാഷ് സംഘടന സെക്രട്ടറിയായി വന്നതോടെയാണ് ഐടി സെല്ലിലുണ്ടായിരുന്ന സ്വാധീനം കെ സുരേന്ദ്രന് നഷ്ടമായത്. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ വാര്‍ത്താസമ്മേളനം നടത്തിയാല്‍ പോലും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കൊടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
കെ സുരേന്ദ്രന്റെ രാഷ്ട്രീയ ആരോപണങ്ങള്‍ ഒന്നും തന്നെ ഐടി സെല്‍ ഏറ്റുപിടിക്കുന്നില്ലെന്നും പരാതിയുണ്ട്. ഐടി സെല്‍ ക്രിയാത്മകമായ ഒരു ഇടപെടലും നടത്തുന്നില്ലെന്ന വിമര്‍ശനം ശക്തമായതോടെ എസ് ജയ്ശങ്കറിനെ മാറ്റണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘടന സെക്രട്ടറി സുഭാഷിനാണ് ഐടി സെല്‍ നിയന്ത്രണം. കെ സുഭാഷ് സമാന്തര ഗ്രൂപ്പുണ്ടാക്കി ഐടി സെല്‍ പിടിച്ചെടുത്ത അവസ്ഥയിലാണ്.