കേന്ദ്രസര്‍ക്കാരിന്റെ പരാജയങ്ങള്‍ അക്കമിട്ട് നിരത്തുന്ന 'ബ്ലാക്ക് പേപ്പര്‍' പുറത്തിറക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പരാജയങ്ങള്‍ അക്കമിട്ട് നിരത്തുന്ന 'ബ്ലാക്ക് പേപ്പര്‍' പുറത്തിറക്കി കോണ്‍ഗ്രസ്. 'ദസ് സാല്‍ അന്യായ് കാല്‍' എന്ന പേരില്‍ പുറത്തിറക്കിയ ബ്ലാക്ക് പേപ്പറില്‍ 10 വര്‍ഷമായി അധികാരത്തിലുള്ള മോദി സര്‍ക്കാറിന്റെ പരാജയങ്ങളും ബി.ജെ.പിയിതര സര്‍ക്കാരുകളെ അവഗണിക്കുന്നതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജ്യം ഭരിച്ച യു.പി.എ സര്‍ക്കാറരിന്റെ കാലത്തെ സാമ്പത്തിക വളര്‍ച്ചയെ മോദി സര്‍ക്കാരിന്റെ കാലത്തെ വളര്‍ച്ചയുമായി ബ്ലാക്ക് പേപ്പറില്‍ താരതമ്യം ചെയ്യുന്നുണ്ട്. തൊഴിലില്ലായ്മ അടക്കമുള്ള കാര്യങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയമാണെന്ന് ബ്ലാക്ക് പേപ്പര്‍ പുറത്തിറക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സ്വയം പ്രകീര്‍ത്തിക്കുകയും പരാജയങ്ങള്‍ മറച്ചുവെക്കുകയും ചെയ്യുന്നതിനാലാണ് കോണ്‍ഗ്രസ് ബ്ലാക്ക് പേപ്പര്‍ പുറത്തിറക്കിയത്. കേന്ദ്രത്തിന്റെ ഭരണ പരാജയങ്ങള്‍ പറയാന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കാത്തതിനാലാണ് വിവരങ്ങള്‍ പുറത്തുവിടുന്നത്. ബി.ജെ.പി സര്‍ക്കാര്‍ ഒരിക്കലും ചര്‍ച്ച ചെയ്യാത്ത തൊഴിലില്ലായ്മയെ കുറിച്ചുള്ള വിശദാംശങ്ങളും ബ്ലാക്ക് പേപ്പറില്‍ ഉണ്ടെന്നും ഖാര്‍ഗെ വ്യക്തമാക്കി.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭരണകാലത്ത് സ്ഥാപിതമായ എച്ച്.എ.എല്‍, ഭെല്‍ എന്നീ പൊതുമേഖല സ്ഥാപനങ്ങള്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളെ കുറിച്ച് മോദി പരാമര്‍ശിക്കുന്നില്ല. ബി.ജെ.പി ഇതര കക്ഷികള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം വിവേചനം കാണിക്കുകയും അവഗണിക്കുകയും ചെയ്യുകയാണ്.രാജ്യത്ത് ജനാധിപത്യം അപകടത്തിലാണ്. നിരവധി കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിച്ചു. ബി.ജെ.പി രാജ്യത്ത് ജനാധിപത്യം അവസാനിപ്പിക്കുകയാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.