കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക്‌സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നല്‍കാത്തത് വിവേചനമെന്ന് വ്യക്തമാക്കിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പട്ടിക ജാതി വിഭാഗക്കാരനായത് കൊണ്ടാണോ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാത്തതെന്നും ചോദിച്ചു.
പ്രോംടേം സ്പീക്കര്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കീഴ്വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടു. പ്രതിപക്ഷ അംഗമായി എന്നത് കൊണ്ട് അര്‍ഹതപ്പെട്ടത് പോലും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കൊടിക്കുന്നിലിന്റെ അയോഗ്യതക്ക് എന്താണ് കാരണം. സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കാനുള്ള അര്‍ഹത പോലും അദ്ദേഹത്തിനില്ലേ. സര്‍ക്കാറിന്റെ പോക്ക് എങ്ങോട്ടാണെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.
ബി.ജെ.പി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി വക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. കീഴ്വഴക്കം ലംഘിക്കപ്പെട്ടു. പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കുന്ന നടപടിയാണിതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.ഏറ്റവും മുതിര്‍ന്ന അംഗമായ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ അവഗണിച്ചാണ് ജൂണ്‍ 24ന് സമ്മേളിക്കുന്ന 18-ാം ലോക്‌സഭയില്‍ പ്രോടെം സ്പീക്കറായി ബി.ജെ.പി എം.പി ഭര്‍ത്രുഹരി മഹ്താബിനെ തെരഞ്ഞെടുത്തത്.
എം.പിമാരുടെ സത്യപ്രതിജ്ഞയടക്കം നടപടികളില്‍ സഹായികളായി കൊടിക്കുന്നില്‍ സുരേഷ്, ഡി.എം.കെ എം.പി ടി.ആര്‍. ബാലു, ബി.ജെ.പി പ്രതിനിധികളായ രാധ മോഹന്‍ സിങ്, ഫഗ്ഗന്‍ സിങ് കുലസ്‌തെ, തൃണമൂലിന്റെ സുദീപ് ബന്ദോപാധ്യായ എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.2014ലെ സഭയില്‍ അന്നത്തെ ഏറ്റവും മുതിര്‍ന്ന അംഗം കമല്‍ നാഥും 2019ല്‍ ബി.ജെ.പിയുടെ വീരേന്ദര്‍ കുമാറുമായിരുന്നു പ്രോടെം സ്പീക്കര്‍മാര്‍.