കൊടുംചൂടും രൂക്ഷമായ ജലക്ഷാമവും : യമുനാ നദിയില്‍ വെള്ളം തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് അതിഷി മര്‍ലേന
ഡല്‍ഹി: കൊടുംചൂടും രൂക്ഷമായ ജലക്ഷാമവും നേരിടുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടാനും ഡല്‍ഹിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഡല്‍ഹി ജലവകുപ്പ് മന്ത്രി അതിഷി മര്‍ലേന ഹരിയാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. 'ഞങ്ങള്‍ ഇവിടെ വസീറാബാദ് ബാരക്കിലാണ്. ഇവിടെ നിന്നുള്ള വെള്ളം വസീറാബാദ്, ചന്ദ്രവാല്‍, ഓഖ്ല എന്നിവയുള്‍പ്പെടെ വിവിധ ജല ശുദ്ധീകരണ പ്ലാന്റുകളിലേക്ക് അയയ്ക്കുന്നു. നിലവില്‍ വസീറാബാദ് ബാരേജിലേക്ക് വെള്ളം തുറന്നുവിടുന്നില്ല. ജലനിരപ്പ് വളരെ താഴ്ന്നതിനാല്‍ നദിയുടെ അടിത്തട്ട് ദൃശ്യമാണ്. വെള്ളം തുറന്നുവിടാനും ഡല്‍ഹിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഞങ്ങള്‍ ഹരിയാന സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുന്നു' -അതിഷി പറഞ്ഞു.
ഡല്‍ഹിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അഡീഷണല്‍ ചീഫ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരും ഹരിയാന സര്‍ക്കാരിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും അതിഷി അറിയിച്ചു. യമുനയിലേക്ക് ഹരിയാന വെള്ളം വിട്ടില്ലെങ്കില്‍ ഡല്‍ഹിയില്‍ ജലക്ഷാമം തുടരുമെന്നും മുനക് കനലില്‍ നിന്ന് വളരെ കുറച്ച് വെള്ളമാണ് ലഭിക്കുന്നതെന്നും മറുവശത്ത് വസീറാബാദ് ബാരേജില്‍ വെള്ളം ലഭിക്കുന്നില്ലെന്നും അതിഷി പറഞ്ഞു.
പ്ലാന്റ് ബാരേജിലേക്ക് അയക്കുന്ന റീസൈക്കിള്‍ ചെയ്ത വെള്ളമാണ് ജലനിരപ്പ് നിലനിര്‍ത്തുന്നത്. ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ആശങ്കയിലാണ്. നിലവില്‍, ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ ഡിജെബി ടാങ്കറുകള്‍ 10,000 ട്രിപ്പുകള്‍ നടത്തി പ്രതിദിനം 10 എംജിഡി വെള്ളം വിതരണം ചെയ്യുന്നുണ്ട്. ബവാന, ദ്വാരക, നംഗ്ലോയ് തുടങ്ങിയ പ്രദേശങ്ങളില്‍ പ്രദേശവാസികള്‍ക്ക് വെള്ളം നല്‍കുന്നതിനായി അടിയന്തര കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് വസീറാബാദ് ബാരേജിലെ ജലനിരപ്പ് ഏകദേശം 674.5 അടിയാണ്. ഇപ്പോള്‍ അത് 668 അടിയിലെത്തി. മുനക് കനാലില്‍ ജലനിരപ്പ് 902-904 ക്യുസെക്സ് ആണ്.
അതിനിടെ ജലവിതരണ പ്രശ്‌നം അവഗണിക്കുകയും തെറ്റായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഡല്‍ഹി സര്‍ക്കാരിനെതിരെ ഹരിയാന മുഖ്യമന്ത്രി നയബ് സിംഗ് സൈനി തിങ്കളാഴ്ച രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു