കോണ്‍ഗ്രസിലേക്ക് തിരികെവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി
ഡല്‍ഹി: കോണ്‍ഗ്രസിലേക്ക് തിരികെവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി. രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയുടെ ഭാവിയെന്നും പാര്‍ട്ടിയില്‍ സജീവമാകാന്‍ തന്നോട് നിര്‍ദേശിച്ചെന്നും അഭിജിത്ത് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസിലുണ്ടായിരുന്ന അഭിജിത്ത് 2021ല്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. എന്നാല്‍, തൃണമൂലിന്റെ പ്രവര്‍ത്തന രീതിയുമായി ചേര്‍ന്നുപോകാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
'തൃണമൂലിന്റെ പ്രവര്‍ത്തനരീതിയും കോണ്‍ഗ്രസിന്റെ രീതിയും ഒരുപോലെയല്ല. തൃണമൂലില്‍ എനിക്ക് മതിയായി. നേരത്തെ, രണ്ടര വര്‍ഷം കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ എനിക്ക് കിട്ടിയ എല്ലാ ചുമതലകളും നിര്‍വഹിച്ചിരുന്നു. എന്നാല്‍, പിന്നീട് എനിക്ക് ചുമതലകള്‍ നല്‍കാതെയായി. കാരണമെന്തെന്ന് അറിയില്ല. പതുക്കെ പതുക്കെ ഞാന്‍ ഒതുക്കപ്പെടുകയും ഒരു പ്രത്യേക ഗ്രൂപ്പിന്റെ ഭാഗമായി പരിഗണിക്കപ്പെടുകയും ചെയ്തു. ആ സമയത്താണ് മമത ബാനര്‍ജി വിളിക്കുന്നതും ഞാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതും' -അഭിജിത്ത് പറഞ്ഞു.
ഡല്‍ഹിയിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ടതായി അഭിജിത്ത് വെളിപ്പെടുത്തി. പ്രവര്‍ത്തിക്കാതെയിരിക്കുന്നത് എന്തിനാണെന്ന് അവരെല്ലാം പരോക്ഷമായി ചോദിച്ചു. യുവ സുഹൃത്തും, ഇന്ത്യയുടെ ഭാവിയുമായ രാഹുല്‍ ഗാന്ധിയും എന്നോട് പാര്‍ട്ടിയില്‍ സജീവമാകാന്‍ പറഞ്ഞു -അഭിജിത്ത് വ്യക്തമാക്കി. ഹൈക്കമാന്‍ഡിനെ കാണാന്‍ സമയം ചോദിച്ച അഭിജിത്ത്, സ്വീകരിക്കുകയാണെങ്കില്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരാമെന്നും പറഞ്ഞു.
മുന്‍ എം.പിയായ അഭിജിത്ത് ബാനര്‍ജി 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ ജംഗിപൂരില്‍ തോറ്റിരുന്നു. ജംഗിപൂര്‍ നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു അഭിജിത്ത് തൃണമൂലില്‍ ചേര്‍ന്നത്. നല്‍ഹതിയില്‍നിന്ന് അഭിജിത്ത് പശ്ചിമബംഗാള്‍ നിയമസഭയിലും അംഗമായിരുന്നു.