For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ക്ഷേമ പെൻഷൻ കൊടുക്കാതിരിക്കാൻ സർക്കാരിന്റെ തന്ത്രം: വി.ഡി സതീശൻ

06:10 PM Jun 20, 2024 IST | Online Desk
ക്ഷേമ പെൻഷൻ കൊടുക്കാതിരിക്കാൻ സർക്കാരിന്റെ തന്ത്രം  വി ഡി സതീശൻ
Advertisement

തിരുവനന്തപുരം: ഭിന്നശേഷിക്കാരും വിധവകളും വാര്‍ധക്യം ബാധിച്ചവരും അഗതികളും പാവപ്പെട്ടവരുടെ ഉള്‍പ്പെടെ 55 ലക്ഷം പേർ ക്ഷേമ പെൻഷന് കിട്ടാതെ ആറുമാസമായി കാത്തിരിക്കുമ്പോഴും അത് കൊടുക്കാതെ അവരുടെ പെൻഷൻ നിഷേധിക്കാനുള്ള തന്ത്രമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ മാസം മുതല്‍ പെന്‍ഷന്‍ കൊടുത്തു തുടങ്ങിയെന്നാണ് മന്ത്രി തന്ത്രപൂര്‍വം പറഞ്ഞത്. നേരത്തെ സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകളില്‍ ഏത് മാസത്തെ പെന്‍ഷനാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമായിരുന്നു. ഇപ്പോള്‍ ഇറക്കിയ ഉത്തരവില്‍ ഏത് മാസത്തെ പെന്‍ഷനാണ് നല്‍കുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷന്‍ നല്‍കിയെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊടുത്തത് കൊടുക്കാനുള്ള ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലേതാണ്. അതായത് ആറ് മാസത്തെ പെന്‍ഷന്‍ ഇനി ഒരിക്കലും കിട്ടില്ലെന്ന രീതിയിലാണ് ഇപ്പോള്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഏത് മാസത്തെയാണെന്ന് പറയാതെ നിങ്ങള്‍ പെന്‍ഷന്‍ ഉത്തരവ് ഇറക്കുന്നത് ആരെ കബളിപ്പിക്കാനാണ്? ഈ പാവപ്പെട്ടവരും സാധാരണക്കാരുമായവരെയാണോ നിങ്ങള്‍ കബളിപ്പിക്കുന്നത്. പെന്‍ഷന്‍ കുടിശിക നല്‍കാതിരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
മസ്റ്ററിങ് നിര്‍ബന്ധമാക്കിയതോടെ ആയിരക്കണക്കിന് കിടപ്പു രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് പെന്‍ഷന്‍ നഷ്ടമാകുന്നത്. മസ്റ്ററിങ് വൈകിയാല്‍ ആ മാസങ്ങളിലെ പെന്‍ഷന്‍ റദ്ദാക്കും. പാവങ്ങളോടാണ് സർക്കാർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. തളര്‍ന്നു കിടക്കുന്ന പാവങ്ങളോടാണ് ജീവിച്ചിരിക്കുന്നു എന്നതിന് തെളിവ് നല്‍കിയത് വൈകിപ്പോയെന്നു പറഞ്ഞ് പെന്‍ഷന്‍ നിഷേധിക്കുന്നത്. മരുന്നു വാങ്ങാനും ജീവിക്കാനും നിവൃത്തിയില്ലാത്ത പാവങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ അല്ലാതെ എവിടെ പോയി സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പെന്‍ഷന്‍ കമ്പനിയില്‍ നിന്നും സർക്കാർ പിന്‍മാറുകാണ്. സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ എന്താണെന്ന് ഞങ്ങള്‍ ചോദിച്ചപ്പോഴും നിങ്ങള്‍ ബഹളം വയ്ക്കുകയും പരിഹസിക്കുകയും ചെയ്തു. ഇപ്പോള്‍ വരുന്ന പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇതാണോ നിങ്ങളുടെ മുന്‍ഗണനകളെന്ന് രണ്ട് പാര്‍ട്ടികളുടെയും 14 ജില്ലാ കമ്മിറ്റികളിലേയും പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. പ്രതിപക്ഷം ഈ നിയമസഭയില്‍ നിങ്ങളുടെ മുഖത്തു നോക്കി ചോദിച്ച ചോദ്യങ്ങളാണ് നിങ്ങളുടെ ജില്ലാ കമ്മിറ്റികളില്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അതു തന്നെയാണ് സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയെ ഇരുത്തിയും ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Author Image

Online Desk

View all posts

Advertisement

.