ജലക്ഷാമം: അതിഷി മര്‍ലേന ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും
ഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ അതിരൂക്ഷ ജലക്ഷാമത്തില്‍ പ്രതിഷേധം കടുപ്പിച്ച് ആം ആദ്മി സര്‍ക്കാര്‍. ജലവിഭവ മന്ത്രിയായ അതിഷി മര്‍ലേന ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. കുടിവെള്ള ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിരാഹാര സമരം.
ജലക്ഷാമം രണ്ട് ദിവസത്തിനകം പരിഹരിച്ചില്ലെങ്കില്‍ ജൂണ്‍ 21 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ജൂണ്‍ 19നാണ് മന്ത്രി അതിഷി മര്‍ലേന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിഷി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
28 ലക്ഷം പേരാണ് പ്രതിസന്ധി നേരിടുന്നതെന്നും ഡല്‍ഹിയിലേക്ക് ദിനംപ്രതി 613 എം.ജി.ഡി വെള്ളം വിട്ടുനല്‍കേണ്ട സാഹചര്യത്തില്‍ 18-ാം തീയതി ഹരിയാന നല്‍കിയത് 513 എം.ജി.ഡി വെള്ളം മാത്രമാണെന്നും അതിഷി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഡല്‍ഹിയിലെ ജലക്ഷാമം പരിഹരിക്കാന്‍ ഹിമാചല്‍ പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ അധിക വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡല്‍ഹിക്ക് നല്‍കാന്‍ അധിക വെള്ളമില്ലെന്നാണ് ഹിമാചല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.