ജലവിഭവ മന്ത്രി അതിഷിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ജലവിഭവ മന്ത്രി അതിഷിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചതായി ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അതിഷിയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ലോക് നായക് ജയ് പ്രകാശ് (എല്‍.എന്‍.ജെ.പി) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും കുറഞ്ഞ സാഹചര്യത്തിലാണ് ഐ.സി.യുവിലേക്ക് അതിഷിയെ മാറ്റിയത്. എല്‍.എന്‍.ജെ.പി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച അതിഷിയെ പരിശോധിക്കുകയും അവരുടെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എല്ലാ രക്തപരിശോധനകളും നടത്തിയെന്നും അതിഷിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ജൂണ്‍ 22നാണ് ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിക്ക് ജലവിഹിതം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.'അതിഷി അഞ്ച് ദിവസമായി നിരാഹാര സമരത്തിലായിരുന്നു. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതിഷി ഇപ്പോഴും ഐസിയുവിലാണ്. അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കുകയാണ്. ഡല്‍ഹിയിലെ വെള്ളം വിട്ടുനല്‍കാന്‍ ഞങ്ങള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതും'. എ.എ.പി എം.പി സഞ്ജയ് സിംഗ് പറഞ്ഞു. ഡല്‍ഹിയിലെ ജലക്ഷാമം പ്രതിപക്ഷ പാര്‍ട്ടികളുമായി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
ഹരിയാന സര്‍ക്കാര്‍ കഴിഞ്ഞ മൂന്നാഴ്ചയായി യമുനയില്‍നിന്നുള്ള 100 മില്യന്‍ ഗാലന്‍ വെള്ളം പ്രതിദിനം വെട്ടിക്കുറച്ചതായി മന്ത്രി ആരോപിച്ചു. ഇത്രയും വലിയ അളവ് വെള്ളത്തിന്റെ അപര്യാപ്തമൂലം ഡല്‍ഹിയിലെ 28 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. ഡല്‍ഹിയിലേക്ക് വെള്ളമെത്തുന്ന യമുന നദിയിലെ ബാരേജിന്റെ എല്ലാ ഷട്ടറുകളും ഹരിയാന സര്‍ക്കാര്‍ അടച്ചു. ഇതോടെ വരും ദിവസങ്ങളില്‍ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകും. ബാരേജില്‍ ആവശ്യത്തിനു വെള്ളമുണ്ട്. എന്നിട്ടും ഡല്‍ഹിയിലേക്കു തുറക്കേണ്ട ഷട്ടറുകള്‍ അടച്ചിരിക്കുകയാണ്. ഷട്ടറുകള്‍ തുറന്ന് ജനങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് വരെ തന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് അതിഷി അറിയിച്ചിരുന്നു.