'ഞങ്ങളുടെ 2018 ന് ഓസ്‌കാറില്‍ അവസാനത്തെ 15 ചിത്രങ്ങളില്‍ ഇടം നേടിയില്ല'ക്ഷമ ചോദിച്ച് ജൂഡ് ആന്റണി
പ്രേക്ഷക -നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 എവരിവണ്‍ ഈസ് ഹീറോ'. 2018 ല്‍ കേരള ജനത നേരിട്ട പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഓസ്‌കര്‍ ചുരുക്ക പട്ടികയില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഇടംപിടിച്ചിരുന്നു. എന്നാല്‍ 15 സിനിമകളുടെ പട്ടികയില്‍ 2018 ന് ഇടം നേടാനായില്ല.
ഓസ്‌കര്‍ പട്ടികയില്‍ നിന്ന് ചിത്രം പുറത്തുപോയതിന് പിന്നാലെ തങ്ങളെ പിന്തുണച്ചവരോട് ക്ഷമ ചോദിച്ച് ജൂഡ് ആന്തണി. നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നുവെന്നും ഓസ്‌കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നെന്നും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.'ഞങ്ങളുടെ 2018 ന് ഓസ്‌കറില്‍ അവസാനത്തെ 15 ചിത്രങ്ങളില്‍ ഇടം നേടിയില്ല. എല്ലാവരോടും ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഓസ്‌കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ യാത്രയായിരുന്നു. ഇത് ജീവിതാവസാനം വരെ നെഞ്ചിലേറ്റും.
ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്നതും ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയെന്നതും ഒരു ചലച്ചിത്രകാരനെ സംബന്ധിച്ച് അപൂര്‍വ നേട്ടമാണ്. നിര്‍മാതാക്കള്‍ക്കും, കലാകാരന്മാര്‍ക്കും, ടെക്‌നീഷന്മാര്‍ക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സിനിമയെ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ദേശീയ ഫിലിം ഫെഡറേഷനും രവി കൊട്ടാരക്കരയ്ക്കും പ്രത്യേകം നന്ദി'-ജൂഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മലയാള സിനിമയിലെ വന്‍ താരനിരയായിരുന്നു 2018 ല്‍ അണിനിരന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ലാല്‍, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളീ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വര്‍ഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരു, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നിവയാണ് ഓസ്‌കര്‍ എന്‍ട്രി നേടിയ മറ്റ് മലയാള ചിത്രങ്ങള്‍. എന്നാല്‍ ഈ ചിത്രങ്ങള്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നില്ല.