ഡല്‍ഹി ജലവിഭവ മന്ത്രി അതിഷി ആശുപത്രി വിട്ടു
ന്യൂഡല്‍ഹി: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ജലവിഭവ മന്ത്രിയുമായ അതിഷി ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിവിട്ടു. ലോക് നായക് ജയ് പ്രകാശ് (എല്‍.എന്‍.ജെ.പി) ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അതിഷി ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ഔദ്യോഗിക ഭവനത്തിലേക്ക് മടങ്ങിയത്.
ജൂണ്‍ 22നാണ് ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിക്ക് ജലവിഹിതം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യം വഷളായ മന്ത്രിയോട് സമരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഐ.സി.യുവിലും നിരാഹാരം തുടര്‍ന്ന അതിഷി 25ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
വെള്ളത്തിന്റെ അപര്യാപ്തതമൂലം രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ 28 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. ഡല്‍ഹിയിലേക്ക് വെള്ളമെത്തുന്ന യമുന നദിയിലെ ബാരേജിന്റെ എല്ലാ ഷട്ടറുകളും ഹരിയാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു. ഇത് ജലക്ഷാമം കൂടുതല്‍ രൂക്ഷമാക്കി. ഷട്ടറുകള്‍ തുറന്ന് ജനങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നാണ് അതിഷി അറിയിച്ചിരുന്നത്.