തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തം: സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയെന്ന് നടന്‍ വിജയ്
ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ 35 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി നടനും തമിഴ്‌നാട് വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്ന് എക്‌സിലൂടെ പ്രതികരിച്ചു. പാര്‍ട്ടിയുടെ ഒഫീഷ്യല്‍ അക്കൗണ്ടിലാണ് വിജയ് സര്‍ക്കാറിനെ വിമര്‍ശിച്ചത്.
കള്ളകുറിച്ചി ജില്ലയിലെ കരുണാപുരം പ്രദേശത്ത് വ്യാജമദ്യം കഴിച്ച് 35-ലധികം പേര്‍ മരിച്ചെന്ന വാര്‍ത്ത അങ്ങേയറ്റം ദു:ഖകരമാണ്. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. രോഗബാധിതരും ചികിത്സയില്‍ കഴിയുന്നവരും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു.
കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു സംഭവത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സര്‍ക്കാര്‍ ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായത് എന്നത് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.' - തമിഴ്‌നാട് വെട്രി കഴകം അധ്യക്ഷന്‍ എക്‌സില്‍ കുറിച്ചു.
ബുധനാഴ്ച കള്ളക്കുറിച്ചിയിലെ കരുണാപുരത്താണ് വിഷമദ്യദുരന്തമുണ്ടായത്. പാക്കറ്റുകളിലെത്തിച്ച വിഷമദ്യം കഴിച്ചാണ് ആളുകള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, കണ്ണുകളില്‍ പ്രശ്‌നം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കള്ളക്കുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാജ മദ്യം വിറ്റ ഗോവിന്ദ്‌രാജ് എന്ന കണ്ണുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും 200 ലിറ്റര്‍ മദ്യം പൊലീസ് പിടിച്ചെടുത്തു. പരിശോധനയില്‍ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 74 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.
കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തം ഞെട്ടിക്കുന്നതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. വിഷമദ്യദുരന്തത്തെ കുറിച്ച് പൊതുജനങ്ങള്‍ വിവരം നല്‍കിയാല്‍ അതിലും ഉടന്‍ നടപടിയുണ്ടാകുമെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.