തമിഴ്നാട്ടിലെ വെള്ളപ്പൊക്ക ദുരിതം തുടരുന്നു ; 39 ഇടങ്ങളില്‍ അതിശക്തമായ മഴ ; എണ്ണൂറോളം ട്രെയിന്‍ യാത്രക്കാര്‍ കുടുങ്ങി
ചെന്നൈ: ദക്ഷിണ തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതം തുടരുന്നു. തിരുനല്‍വേലിയിലും തൂത്തുക്കുടിയിലുമാണ് സാഹചര്യം രൂക്ഷമായിരിക്കുന്നത്. ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനായി സൈന്യം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. മഴ കനത്തതോടെ സുലൂറിലെ വ്യോമതാവളത്തില്‍ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ തിരുനെല്‍വേലിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. തിങ്കാളാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂര്‍ സമയത്ത് 95 സെ.മീ. മഴയാണ് പെയ്തത്.
തൂത്തുക്കുടിയിലെ പല നഗരങ്ങളിലും 60 സെ.മീ. മഴ രേഖപ്പെടുത്തി. നദികളും കനാലുകളുമെല്ലാം നിറഞ്ഞു കവിഞ്ഞു. പാപനാശം, മണിമുത്തൂര്‍, പേച്ചിപ്പാറ, പെരുഞ്ചാനിം ജലസ്രോതസ്സുകളല്ലൊം നിറഞ്ഞു കവിയുന്ന സ്ഥിതിയിലായി. ഞായറാഴ്ച മുതല്‍ പെയ്ത കനത്ത മഴയില്‍ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലെ ജലസ്രോതസ്സുകളിലെല്ലാം പെട്ടെന്ന് തന്നെ ജലനിരപ്പ് ഉയരാന്‍ കാരണമായി. പേച്ചിപ്പാറയിലും പെരുഞ്ചാനിയിലും ജലനിരപ്പ് 91.77, 94.70 ശതമാനം വീതമായി. ഇവിടെ അണക്കെട്ടുകളില്‍ നിന്നും ജലം ഒഴുക്കി വിടുകയാണ്. ചിറ്റാറിലെ ജലസ്രോതസ്സുകളിലും ജലനിരപ്പ് 90 ശതമാനത്തിന് മുകളിലായി.
തിരുനെല്‍വേലിയില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. തൂത്തുക്കുടിയിലെ ശ്രീ വൈകുണ്ടത്ത് 800 ട്രെയിന്‍ യാത്രക്കാര്‍ കുടുങ്ങിയതായി റെയില്‍വേ അധികൃതര്‍ മധുരയില്‍ പറഞ്ഞു. ചെന്നൈ എക്സ്പ്രസ്സില്‍ യാത്ര ചെയ്തവര്‍ തിരുച്ചെണ്ടൂരിലാണ് കുടുങ്ങിയത്. ഞായറാഴ്ച രാത്രി 8.25 ന് തിരുച്ചെണ്ടൂരില്‍ നിന്നും ചെന്നൈയിലേക്ക് തിരിച്ച ട്രെയിന്‍ ശ്രീ വൈകുണ്ഠം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങുകയായിരുന്നു. ഇവരില്‍ 500 പേര്‍ ശ്രീ വൈകുണ്ഠം റെയില്‍വേ സ്റ്റേഷനിലും 300 പേര്‍ അടുത്തുള്ള ഒരു സ്‌കൂളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയതിനാല്‍ ഇവര്‍ പുറംലോകവുമായുള്ള ബന്ധം വിട്ട നിലയിലാണ്.
ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. നാലു ജില്ലകളിലെയും രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകളും ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ടിട്ടുള്ളതായി കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. രണ്ടുജില്ലകളില്‍ ചൊവ്വാഴ്ചയും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയിക്കുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്