നരേന്ദ്ര മോദി വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു
ഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് മോദി യാത്രതിരിക്കുന്നത്. ഇറ്റലിയിലേക്കാണ് ഇക്കുറി പ്രധാനമന്ത്രിയുടെ യാത്ര.
ജൂണ്‍ 13 മുതല്‍ 15 വരെ ഇറ്റലിയിലെ അപുലിയ മേഖലയിലെ ആഡംബര ഹോട്ടലിലാണ് സമ്മേളനം നടക്കുക. ഗസ്സയിലെ വെടിനിര്‍ത്തലും ഉക്രെയ്ന്‍ വിഷയവുമാകും ജി7 ഉച്ചകോടിയില്‍ പ്രധാനചര്‍ച്ചയാവുക. ക്ഷണിതാവായാണ് ഇന്ത്യ ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജി7 രാജ്യങ്ങളുടെ ക്ഷണം മോദി സ്വീകരിച്ചിരുന്നു.
വ്യാഴാഴ്ച ഉന്നതതലസംഘത്തോടൊപ്പം മോദി ഇറ്റലിയിലേക്ക് യാത്രതിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടി വിനയ് ക്വാത്ര പറഞ്ഞു. യുക്രെയ്ന്‍ വിഷയം യോഗത്തില്‍ പ്രധാന ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചര്‍ച്ചകളിലൂടേയും നയതന്ത്ര ശ്രമത്തിലൂടേയും സംഘര്‍ഷം പരിഹരിക്കണമെന്ന നിലപാട് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ജി7 യോഗത്തിനിടെ പ്രധാനമന്ത്രി മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് ദേശീയ സുരക്ഷാഉപദേഷ്ടാവ് ജാക്ക് സള്ളിവന്‍ പറഞ്ഞു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയുമായും മോദി ചര്‍ച്ച നടത്തും.