നിളയുടെ കഥാകാരന് വിട നൽകി മലയാളം
കോഴിക്കോട്: മലയാള സാഹിത്യത്തിലെ ഇതിഹാസം എംടി വാസുദേവൻ നായർക്ക് വിട നൽകി നാട്. വൈകിട്ട് 5 മണിയോടെ സംസ്കാര നടപടികൾ പൂർത്തിയായി. കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സഹോദരന്റെ മകൻ ടി. സതീശൻ അന്ത്യകർമ്മങ്ങള്‍ നിർവ്വഹിച്ചു.
വൈകിട്ട് മൂന്നര വരെ നീണ്ട അന്ത്യദർശനത്തിന് ശേഷം നടക്കാവിലെ എംടിയുടെ വസതിയായ സിതാരയില്‍ നിന്ന് ആരംഭിച്ച അന്ത്യയാത്രയിൽ പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയ എഴുത്തുകാരന് വിട ചൊല്ലാനായി അനുഗമിച്ചത്. കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷൻ, ബാങ്ക് റോഡ്, കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡ് വഴിയാണ് അന്ത്യ യാത്ര മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ എത്തിയത്. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയായിരുന്നു മരണാന്തര ചടങ്ങുകൾ നടത്തിയത്.
ബുധനാഴ്ച രാത്രി 10ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം ടി വാസുദേവൻ നായരുടെ (91) അന്ത്യം. എംടിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാന സർക്കാർ രണ്ടുദിവസത്തെ ഔദ്യോഗിക ദുഃഖകചരണം പ്രഖ്യാപിച്ചു.