നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ നീതിയുക്തമായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ നീതിയുക്തമായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ വാക്കുകള്‍.
'സമീപകാലത്ത് ഏതാനും പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നേരത്തെയും വിവിധ സംസ്ഥാനങ്ങളില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി ഇക്കാര്യത്തില്‍ ശബ്ദമുയര്‍ത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ തടയാനായി പാര്‍ലമെന്റ് ശക്തമായ നിയമം പാസ്സാക്കിയിട്ടുണ്ട്' -മുര്‍മു പറഞ്ഞു.
വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ സാധിച്ചു. ആഗോള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്‍കൈയെടുത്തിട്ടുണ്ട്. ഇന്ത്യ ഇന്ന് അറിയപ്പെടുന്നത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിന്റെ പേരിലല്ല. മറിച്ച് ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മുന്‍കൈയെടുത്തതിന്റെ പേരിലാണ് -രാഷ്ട്രപതി പറഞ്ഞു.
അടിയന്തരവാസ്ഥയെ കുറിച്ചും രാഷ്ട്രപതി പരാമര്‍ശിച്ചു. 1975ലെ അടിയന്തരാവസ്ഥ ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ ഇരുണ്ട അധ്യായമാണ്. അടിയന്തരാവസ്ഥ കാലത്ത് മുഴുവന്‍ രാജ്യവും അരാജത്വത്തിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ഭരണഘടനാവിരുദ്ധരായ ഇത്തരം ശക്തികള്‍ക്കെതിരെ രാജ്യം വിജയം വരിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ ഭരണഘടനയെ നോക്കുകുത്തിയാക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ നിരന്തര വിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥയെ കുറിച്ചുള്ള രാഷ്ട്രപതിയുടെ വാക്കുകളെന്നത് ശ്രദ്ധേയമാണ്.