നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷയ്ക്ക് മുമ്പ് തന്നെ കിട്ടിയെന്ന് വിദ്യാര്‍ഥിയുടെ മൊഴി
ഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പര്‍ പരീക്ഷയ്ക്ക് മുമ്പ് തന്നെ കിട്ടിയെന്ന് വിദ്യാര്‍ഥിയുടെ മൊഴി. നീറ്റിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബിഹാറില്‍ അറസ്റ്റിലായ വിദ്യാര്‍ഥി അനുരാഗ് യാദവാണ് ഇതുസംബന്ധിച്ച് മൊഴി നല്‍കിയത്. നീറ്റ് പരീക്ഷക്ക് നല്‍കിയ ചോദ്യപേപ്പറുമായി പൂര്‍ണമായും സാമ്യമുള്ളതാണ് തനിക്ക് ചോര്‍ന്നുകിട്ടിയ ചോദ്യപേപ്പറെന്ന് വിദ്യാര്‍ഥി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിഹാറിലെ ധാന്‍പൂര്‍ ടൗണ്‍ കൗണ്‍സിലിലെ എന്‍ജിനീയറിന്റെ ബന്ധുവായ വിദ്യാര്‍ഥിയാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ ബന്ധുവായ സിക്കന്തര്‍ പ്രസാദ് യാദവേന്ദു തനിക്ക് എങ്ങനെയാണ് ചോദ്യപ്പേപ്പര്‍ സംഘടിപ്പിച്ച് തന്നതെന്ന് വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതിനിടെ ഇക്കാര്യത്തില്‍ ബിഹാര്‍ പൊലീസില്‍ നിന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നീറ്റിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. നീറ്റുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് നടത്തിപ്പിലെ ക്രമക്കേടുകളും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും ചൂണ്ടിക്കാട്ടിയുള്ള പുതിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നീറ്റുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പരീക്ഷ നടത്തിപ്പ് ഏജന്‍സിയായ എന്‍.ടി.എ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്.വി.എന്‍. ഭാട്ടി എന്നിവരങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.