നീറ്റ് പരീക്ഷ ക്രമക്കേടില്‍ മഹാരാഷ്ടയിലെ രണ്ട് സ്‌കൂള്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്തു
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ മഹാരാഷ്ടയിലെ രണ്ട് സ്‌കൂള്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് അധ്യാപകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഞ്ജയ് തുക്കാറാം ജാദവ്, ജലീല്‍ ഉമര്‍ഖാന്‍ പഠാന്‍ എന്നിവര്‍ ജില്ലാ പരിഷത്ത് സ്‌കൂളുകളില്‍ പഠിപ്പിക്കുകയും ലത്തൂരില്‍ സ്വകാര്യ കോച്ചിങ് സെന്ററുകള്‍ നടത്തുകയും ചെയ്യുന്നവരാണ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ജലീല്‍ ഉമര്‍ഖാന്‍ പഠാനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. സഞ്ജയ് തുക്കാറാം ജാദവ് ഒളിവിലാണ്.
നിരവധി വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും വാട്സ്ആപ്പ് ചാറ്റുകളും ഇവരുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ട് പേരുടെയും ഫോണ്‍ കോളുകള്‍ പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഡല്‍ഹി ആസ്ഥാനമായുള്ള ഗംഗാധര്‍ എന്നയാള്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ നന്ദേഡിലെ ഒരു കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ ഗംഗാധര്‍, ഇരണ്ണ കൊംഗല്‍വാര്‍ എന്നിവരുടെ പേരുകളും ഉണ്ട്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ശനിയാഴ്ച രാത്രി അന്വേഷണം സി.ബി.ഐക്ക് വിടാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. ഗുജറാത്ത്, ബിഹാര്‍, ഹരിയാന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സി.ബി.ഐ അന്വേഷണം. ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്തിലും ബിഹാറിലും അറസ്റ്റിലായവരെ സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യും. കോച്ചിങ് സെന്റര്‍ ജീവനക്കാരും പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരും ഇതിലുള്‍പ്പെടും. മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ കര്‍ശനമായ നിയമ നടപടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. നിയമ ലംഘകര്‍ക്ക് പരമാവധി 10 വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയുമാണ് നിയമം അനുശാസിക്കുന്ന കടുത്ത നടപടികളില്‍ ചിലത്.