നീറ്റ് പരീക്ഷ ക്രമക്കേട്: സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്
ഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍.ടി.എ) സുപ്രീംകോടതി നോട്ടീസ്. കോട്ട കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിന് കാരണം നീറ്റ്-യു.ജി ഫലങ്ങളല്ലെന്നും സി.ബി.ഐ അന്വേഷണത്തിനായി വൈകാരിക വാദങ്ങള്‍ ഹരജിക്കാര്‍ ഉന്നയിക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കൗണ്‍സിലിങ് നടപടികള്‍ തടയാന്‍ സാധിക്കില്ലെന്നും വിക്രം നാഥ്, സദ്ദീപ് മേത്ത എന്നിവരടങ്ങിയ അവധികാല ബെഞ്ച് വ്യക്തമാക്കി. മറ്റ് ഹരജികള്‍ക്കൊപ്പം ജൂലൈ എട്ടിന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന വിദ്യാര്‍ഥിനി ശിവാംഗി മിശ്രയുടെ ഹരജിയില്‍ ജൂണ്‍ 11ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍.ടി.എ) സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. നീറ്റ് ക്രമക്കേട് പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീന്‍ അസ്മാനുള്ള, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തില്‍ എന്‍.ടി.എയുടെ കൃത്യമായി മറുപടി അനിവാര്യമാണെന്നും വ്യക്തമാക്കി.
അതിനിടെ, നീറ്റ് പരീക്ഷയില്‍ ഗ്രേസ്മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ഥികളുടെ സ്‌കോര്‍ബോര്‍ഡ് റദ്ദാക്കാന്‍ ജൂണ്‍ 13ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പരീക്ഷയില്‍ വ്യാപകക്രമക്കേടുണ്ടായെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഇവര്‍ക്ക് റീടെസ്റ്റിനുള്ള അവസരം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചര്‍ച്ചയാകുന്നത്. ഇതില്‍ ആറു പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരില്‍ ചിലര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കിയെന്നാണ് എന്‍.ടി.എ പറയുന്നത്.
67 കുട്ടികള്‍ക്ക് 720 മാര്‍ക്ക് കിട്ടിയതും ഒരു സെന്ററിലെ ഏഴ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടിയതും വരാന്‍ പാടില്ലാത്ത 718, 719 എന്നീ മാര്‍ക്കുകള്‍ കിട്ടിയത് ഗ്രേസ്മാര്‍ക്ക് നല്‍കിയതിനാലാണെന്ന എന്‍.ടി.എയുടെ വിശദീകരണവും ഉള്‍പ്പെടെയെല്ലാം സംശയാസ്പദമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍, എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനും രണ്ടാം റാങ്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സമയം കിട്ടിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് എന്‍.ടി.എയുടെ വീശദീകരണം. കൂടാതെ, മുന്‍ കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നും എന്‍.ടി.എ വ്യക്തമാക്കുന്നു.അതേസമയം, പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോദ് കുമാര്‍ സിങ് വിശദീകരിക്കുന്നത്.