നീറ്റ് പരീക്ഷ ക്രമക്കേട്, പ്രോടെം സ്പീക്കര്‍ നിയമനം: പ്രതിപക്ഷ പ്രതിഷേധത്തോടെ 18-ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കം
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട്, പ്രോടെം സ്പീക്കര്‍ നിയമനം എന്നിവയിലെ പ്രതിപക്ഷ പ്രതിഷേധത്തോടെ 18ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമായി. ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തി പിടിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ എം.പിമാര്‍ ലോക്‌സഭയിലെത്തിയത്. രാവിലെ 10 മണിയോടെ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ ഭരണഘടന സംരക്ഷിക്കുമെന്ന് ചെറു പതിപ്പ് ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് കൂട്ടമായി സഭയിക്കുള്ളിലേക്ക് പോയി.
പ്രോടെം സ്പീക്കര്‍ നിയമനവുമായി ബന്ധപ്പെട്ടും പ്രതിപക്ഷ അംഗങ്ങള്‍ സഭക്കുള്ളില്‍ പ്രതിഷേധിച്ചു. പ്രോടെം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബി പാനല്‍ വായിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവച്ചു. പാനല്‍ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പ്രോടെം സ്പീക്കര്‍ വിളിച്ചെങ്കിലും കൊടിക്കുന്നില്‍ സുരേഷ് അടക്കം മൂന്നു അംഗങ്ങളും തയാറായില്ല.
പ്രോടെം സ്പീക്കര്‍ നിയമനത്തില്‍ എട്ടു തവണ ലോക്‌സഭ എം.പിയായ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ദലിത് മുഖം കൊടിക്കുന്നില്‍ സുരേഷിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് പ്രോടെം സ്പീക്കര്‍ പാനലില്‍ നിന്ന് പിന്മാറാന്‍ ഇന്‍ഡ്യ സഖ്യം തീരുമാനിച്ചിരുന്നു. ഡി.എം.കെയുടെ ടി.ആര്‍. ബാലു, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുദീപ് ബന്ദോപോധ്യായ എന്നിവരാണ് പ്രതിപക്ഷത്തുനിന്ന് നിയോഗിക്കപ്പെട്ട മറ്റു രണ്ടുപേര്‍.
നീറ്റ് പരീക്ഷ ക്രമക്കേടിലും സഭയില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞക്കിടെ നീറ്റ്… നീറ്റ്… എന്ന് പ്രതിപക്ഷം വിളിച്ചു പറഞ്ഞു. വയനാട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി രാജിവെച്ചതായി പ്രോടെം സ്പീക്കര്‍ സഭയെ അറിയിച്ചു.