നീറ്റ് പരീക്ഷ വിവാദം:കേന്ദ്രത്തിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി
ഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 10 പേരാണ് ഹര്‍ജിയുമായി കോടതിയിലെത്തിയത്. അടുത്ത മാസം 8ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചര്‍ച്ചയാകുന്നത്. ഇതില്‍ ആറ് പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരില്‍ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ പറയുന്നത്. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. മുന്‍കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് എന്‍ടിഎ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്.