പതഞ്ജലി മരുന്നുകളുടെ പരസ്യം സുപ്രീം കോടതി തടഞ്ഞു
ഡല്‍ഹി:തെറ്റായ പരസ്യവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുന്നതിനിടെ പതഞ്ജലിക്കെതിരെ നടപടിയുമായി സുപ്രീം കോടതി. പതഞ്ജലി മരുന്നുകളുടെ പരസ്യം സുപ്രീം കോടതി തടഞ്ഞു. കേസില്‍ അടുത്ത ഉത്തരവ് വരുന്നതുവരെ പതഞ്ജലിയുടെ മരുന്നുകളുടെ പരസ്യം സംപ്രേഷണം ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പതഞ്ജലി കമ്പനിക്കും എംഡി ആചാര്യ ബാല്‍ കൃഷ്ണനും കോടതിയലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. കോടതി ഉത്തരവിനെതിരായ പരാമര്‍ശത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്.
തെറ്റായ പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ പതഞ്ജലിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നത് തുടര്‍ന്നുവെന്നും കോടതിയെ വെല്ലുവിളിക്കുകയാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ കോടതി ഇടപെടും. തെറ്റായ പരസ്യത്തില്‍ പതഞ്ജലിക്കെതിരെ രണ്ട് വര്‍ഷമായി കേന്ദ്രം ഒരു നടപടിയും എടുക്കുന്നില്ല. അധിക പണം പതഞ്ജലിയുടെ പക്കലുണ്ടെന്ന് അറിയാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബാബാ രാംദേവിനെ കക്ഷിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ രാംദേവ് സന്ന്യാസിയെന്ന് അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍, അത് ഇവിടെ വിഷയമല്ലെന്നായിരുന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ അമാനുല്ലയുടെ പ്രതികരണം. കോടതിയെ വിമര്‍ശിച്ച ബാബാ രാംദേവ് വാര്‍ത്താസമ്മേളനം നടത്തിയെന്ന് ഐഎംഎ വാദിച്ചു. രോഗശാന്തി വരുത്തിയെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ചുവെന്നും ഐഎംഎ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. പതഞ്ജലിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് പതഞ്ജലി മരുന്നുകളുടെ പരസ്യം സുപ്രീം കോടതി വിലക്കിയത്.