പത്തനംതിട്ടയിലെ അച്ചടക്ക നടപടി;
സിപിഐയ്ക്കുള്ളിൽ കലാപക്കൊടി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെ പുറത്താക്കിയതിനെതിരെ സിപിഐയ്ക്കുള്ളിൽ കലാപക്കൊടി ഉയരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയനെ നീക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം അംഗമായ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണ് തനിക്കെതിരെ എടുത്തതെന്ന് പരസ്യമായി പ്രതികരിച്ച ഇ.പി ജയൻ, സ്വാഭാവിക നീതിപോലും നിഷേധിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്തു. അതേസമയം, കണ്ടല സഹകരണ ബാങ്കിലെ 101 കോടിയുടെ തട്ടിപ്പ് കേസിൽ സിപിഐ നേതാവായ ഭാസുരാംഗനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ, പത്തനംതിട്ടയിൽ മറ്റൊരു പണ സമ്പാദന ആരോപണം ഉയർന്നത് പാർട്ടിയെ വെട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. എ.പി.ജയന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. തുടര്‍ന്നുള്ള പാര്‍ട്ടി അന്വേഷണമാണ് ജയന്റെ പുറത്താക്കലിന് വഴിവെച്ചത്.
എന്നാൽ, എ.പി ജയന്റെ പുറത്താക്കലിന് പിന്നിൽ മറ്റ് ചില താൽപ്പര്യങ്ങളുണ്ടെന്നാണ് പാർട്ടിയ്ക്കുള്ളിലെ ചർച്ചകൾ. സ്വന്തമായി നിലപാടുള്ളവര്‍ക്ക് സിപിഐയില്‍ നിന്നുപോകാന്‍ പ്രയാസമാണെന്നും തന്റെ കാര്യത്തില്‍ ഇതാണ് തെളിഞ്ഞതെന്നും ജയൻ പറയുന്നു. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് നടന്നത്. സംസ്ഥാന നേതൃത്വത്തിലെ ശക്തരായ ചിലരാണ് നീക്കങ്ങള്‍ക്ക് പിന്നില്‍. നടപടിയെടുക്കാന്‍ പാര്‍ട്ടി ഭരണഘടനപോലും കാറ്റില്‍പ്പറത്തി. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറായ എനിക്ക് എതിരെ നടപടി വരുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ ഘടകത്തിലാണ്. നടപടി വേണമെന്നോ വേണ്ടെന്നോ പറയാനുള്ള അവകാശം സ്റ്റേറ്റ് കൗണ്‍സിലിനാണ്. അവിടെ അങ്ങനെ ഒരു ചര്‍ച്ച വരുകയോ തീരുമാനം എടുക്കുകയോ ചെയ്തില്ല.
പകരം പാര്‍ട്ടി കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നടപടി നേരിട്ട ആള്‍ക്ക് നല്‍കാതെ മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തത്. നടപടിയെക്കുറിച്ച് എനിക്ക് ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടുമില്ലെന്ന് ജയൻ ചൂണ്ടിക്കാട്ടുന്നു.
കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പശുക്കളെ വാങ്ങി ഒരു ഫാം തുടങ്ങുകയാണ് ചെയ്തതെന്നാണ് ജയന്റെ വിശദീകരണം. ക്ഷീരസംഘം പ്രസിഡന്റെന്ന നിലയിലുള്ള സംരംഭമാണ് തുടങ്ങിയത്. പശുവിനെ വളര്‍ത്തുക, കൃഷി ചെയ്യുക എന്നൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനകരമായ കാര്യമാണ്. എന്നാല്‍ തന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത് ഫാമിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പരാതി വന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. ആദ്യം ഏകാംഗ കമ്മീഷന്‍ രൂപീകരിച്ചു. പിന്നീട് കമ്മീഷന്‍ വിപുലീകരിച്ചു. നാലംഗ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുള്ള കമ്മിറ്റിയാണ് അന്വേഷിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. രണ്ട് കോടി രൂപ ഫാമിന് മുതല്‍ മുടക്കിയെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തലെന്നും ജയൻ പ്രതികരിച്ചു.