പാര്‍ലമെന്‍റ് അതിക്രമ കേസിലെ മുഖ്യ സൂത്രധാരൻ ലളിത് ഝാ കീഴടങ്ങി
ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ബീഹാർ സ്വദേശിയും അധ്യാപകനും ആണ്.ലളിത് ഝായുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ 13ന് പാര്‍ലമെന്‍റില്‍ അതി ക്രമം അരങ്ങേറിയത്. അതേസമയം, ഈ കേസിലെ നാലു പ്രതികളെ ഡല്‍ഹി കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സാഗര്‍ ശര്‍മ (26), ഡി. മനോരഞ്ജൻ (34), നീലം ആസാദ്(37), അമോല്‍ ഷിൻഡെ (25) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. നാലു പേര്‍ക്കുമെതിരേ ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തിയിട്ടുണ്ട്. ലക്നോ സ്വദേശിയായ സാഗര്‍ ശര്‍മയും മൈസൂരു സ്വദേശിയായ ഡി. മനോരഞ്ജനുമാണ് സന്ദര്‍ശക ഗാലറിയില്‍നിന്ന് പാര്‍ലമെന്‍റ് ചേംബറിലേക്ക് ചാടി കളര്‍ സ്പ്രേ പ്രയോഗിച്ചത്. എംപിമാരും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് ഇവരെ കീഴ്പ്പെടുത്തിയത്.
സന്ദര്‍ശക ഗാലറിയില്‍നിന്ന് ലളിത് ഝാ ചിത്രീകരിച്ച അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ ജോലി ചെയ്തിരുന്ന സന്നദ്ധ സംഘടനാ സ്ഥാപക നിലാക്ഷ ഐച്ചിന് അയച്ചുനല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.