Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'പാലക്കാട്ടെ വിജയം രാഷ്ട്രീയ വിജയം, വികസന കാര്യത്തില്‍ രാഷ്ട്രീയമില്ല'; രാഹുല്‍ മാങ്കൂട്ടത്തില്‍

07:48 PM Nov 27, 2024 IST | Online Desk
Advertisement

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വിജയം രാഷ്ട്രീയ വിജയമാണെന്നും വികസന കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടിന്റെ പുരോഗതിക്കായുള്ള പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. 2040ലെ ലോക ഭൂപടത്തില്‍ പാലക്കാടിന്റെ സ്ഥാനം എങ്ങനെയാവണമെന്ന ലക്ഷ്യമാണ് തന്റെ മുന്നിലുള്ളതെന്നും രാഹുല്‍ പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

രാഷ്ട്രീയ കേരളം എങ്ങനെ മാറണമെന്നതിനെക്കുറിച്ചുള്ള ജനാഭിലാഷം കൂടിയായിരുന്നു തെരഞ്ഞെടുപ്പിലുണ്ടായ വിജയം. ഓരോ കേന്ദ്രങ്ങളിലും ഉണ്ടായ വോട്ട് വര്‍ദ്ധന ഇതാണ് സൂചിപ്പിക്കുന്നത്. മതേതരമായി ചിന്തിക്കുന്നവരുടെ വിജയം കൂടിയാണ് ഈ നേട്ടം. വര്‍ഗീയതയ്ക്ക് ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വ്യത്യാസമില്ല. മതേതര ചിന്താഗതിക്കാരാണ് ഭൂരിപക്ഷം വരുന്ന വോട്ടര്‍മാര്‍. ഇവര്‍ നേടിത്തന്ന വോട്ടാണ് ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ എത്തിച്ചത്. ഒന്നരവര്‍ഷം കൊണ്ട് ചെയ്യാനുള്ള പ്രവര്‍ത്തികളെല്ലാം ചെയ്തു തീര്‍ക്കും. പാലക്കാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍, മോയന്‍സ് എച്ച്എസ്എസ്, പാലക്കാട് മെഡിക്കല്‍ കോളേജ് തുടങ്ങിയ വിഷയങ്ങളിലെല്ലാം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും ടൗണ്‍ഹാളിന്റെയും മൊയന്‍സിന്റെയും കാര്യത്തില്‍ ഫണ്ട് ലഭ്യമായി കഴിഞ്ഞു ഇനി ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ മാത്രം മതിയാവും. മെഡിക്കല്‍ കോളേജിന്റെ കാര്യത്തിലും ശക്തമായ ഇടപെടല്‍ നടത്തുമെന്നും മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
വര്‍ഗീയശക്തികളുടെ വോട്ട് കൊണ്ടല്ല തെരഞ്ഞെടുപ്പിലുണ്ടായ വിജയം. എല്ലായിടങ്ങളിലും യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം ഉണ്ടായിട്ടുണ്ട്. പാലക്കാട് നഗരസഭയിലും യുഡിഎഫ് ആധിപത്യം നേടി. എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം തന്നെ അടിസ്ഥാനരഹിതമാണ്. അവര്‍ തന്നെ ചര്‍ച്ച നടത്തിയില്ലെന്ന് വ്യക്തമാക്കുമ്പോള്‍ വീണ്ടും ഇതേക്കുറിച്ച് പറയുന്നത് ശരിയായ കാര്യമല്ല. യുഡിഎഫിന് അനുകൂലമായി എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്തിട്ടുണ്ട്. ആരുടെയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. പാലക്കാട്ട് വന്നിറങ്ങിയപ്പോള്‍ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും വര്‍ഗീയശക്തികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യര്‍ എത്തിയത് പുതിയൊരു സന്ദേശവുമായാണ്. വര്‍ഗീയതയ്ക്ക് എതിരെയുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കേവലം എത്ര വോട്ട് ലഭിച്ചുവെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ആര്‍എസ്എസ് സര്‍സംഘചാലക് പോലും നിലപാട് മാറ്റി കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വീകരിക്കാന്‍ സന്നദ്ധമാണ്. കഴിഞ്ഞദിവസം വികസന കാര്യങ്ങളെക്കുറിച്ച് നഗരസഭയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ പാലക്കാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലായിരിക്കും ശ്രദ്ധ. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫുമായും നഗരസഭ ഭരിക്കുന്ന ബിജെപിയുമായും ഇക്കാര്യത്തില്‍ ഒരുമിച്ച് നീങ്ങുമെന്ന് നിയുക്ത എംഎല്‍എ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലയളവില്‍ തന്നെ വ്യക്തിപരമായി തേജോ വധം ചെയ്യാന്‍ വരെ ശ്രമിച്ചു. മുനമ്പം വിഷയം പര്‍വതീകരിക്കാനാണ് ബിജെപി തയ്യാറായത്. നഗരസഭയില്‍ മറ്റൊരു വിധത്തില്‍ പ്രചരണം അഴിച്ചുവിട്ടു. പത്രത്തില്‍ പരസ്യം നല്‍കി ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമമുണ്ടായി. ഇതുകൊണ്ടൊന്നും ഈ മേഖലകളില്‍ വോട്ട് കുറഞ്ഞില്ല. ഇതുതന്നെ പാലക്കാട്ടുകാരുടെ മതേതര ബോധമാണ് തെളിയിക്കുന്നത്. വര്‍ഗീയശക്തികളെ ചെറുത്തുതോല്‍പ്പിക്കുക എന്നതാണ് യുഡിഎഫിന്റെ പ്രഖ്യാപിത നയം. ഇതിനാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത് മറിച്ചുള്ള പ്രചാരണങ്ങള്‍ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.
വ്യക്തിഹത്യ നടത്തികൊണ്ടുള്ള രാഷ്ട്രീയപ്രവര്‍ത്തനമല്ല നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ വിമര്‍ശനമല്ല നടത്തുന്നത്, തന്റെ രാഷ്ട്രീയപ്രവര്‍ത്തനം അത്തരത്തിലുള്ളതല്ല. വികസനകാര്യത്തില്‍ എല്ലാ വിഭാഗക്കാരും ഒത്തൊരുമയോടെ നിലകൊള്ളണം. അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം ഉറപ്പാണ്. പാലക്കാട് നഗരസഭയിലും യുഡിഎഫ് അധികാരത്തില്‍ വരും. ഇതിനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകും 2026 നിയമസഭാ തെരഞ്ഞെടുപ്പാണ് മുന്നിലുള്ള മറ്റൊരു ലക്ഷ്യമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
നെല്‍കൃഷി മേഖലയെ സംരക്ഷിക്കാന്‍ അടിയന്തരമായി നടപടികള്‍ ആവശ്യമാണ്. പാലക്കാട് ജനങ്ങളെ സംബന്ധിച്ചിടത്തോളം ഓരോരുത്തരും നെല്‍കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. നെല്ലിന് 35 രൂപ എന്നത് വളരെ കുറവാണെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും രാഹുല്‍ പറഞ്ഞു. നെല്‍കൃഷിയുമായി ബന്ധപ്പെട്ട് മറ്റ് വരുമാന.മാര്‍ഗങ്ങള്‍ കൂടി കണ്ടെത്തേണ്ടതുണ്ട്. പാഡി ടൂറിസം എന്ന പദ്ധതിയിലൂടെ പുതുതായി വരുമാനം കണ്ടെത്താന്‍ കഴിയും. ചലച്ചിത്ര പ്രവര്‍ത്തകരുമായി ബന്ധപ്പെടുത്തി ഇക്കാര്യം നടപ്പാക്കിയാല്‍ കര്‍ഷകര്‍ക്ക് ഒരു പരിധിവരെ സഹായകമാകും, ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് നോബിള്‍ ജോസ് അധ്യക്ഷനായിരുന്നു. സെക്രട്ടി എസ്. ശ്രീനേഷ് സ്വാഗതം പറഞ്ഞു.

Tags :
kerala
Advertisement
Next Article