പോലീസ് ഭീകരത: ഡെപ്യൂട്ടി കമ്മിഷണറെ സസ്പെന്റ് ചെയ്യണമെന്ന് കോൺഗ്രസ്
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഹൈകോടതിയിലേക്ക്
കോഴിക്കോട് : നവകേരള സദസിന്റെ മറവില്‍ കോഴിക്കോട് ജില്ലയില്‍ നടമാടിയത് പൊലീസ് നരനായാട്ടും ഡിവൈഎഫ്ഐ ഗുണ്ടാ അക്രമവുമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍കുമാര്‍. എരഞ്ഞിപ്പാലത്തു കെഎസ്‌യു പ്രവര്‍ത്തകന്‍ ജോയല്‍ ആന്റണി ഉള്‍പ്പെടെയുള്ളവരെ ക്രൂരമായ രീതിയില്‍ കഴുത്തു ഞെരിച്ച് പരിക്കേല്‍പ്പിച്ച ഡപ്യൂട്ടി കമ്മീഷണര്‍ കെ.ഇ. ബൈജുവിനെതിരെ കേസെടുത്ത് സര്‍വ്വീസില്‍നിന്നും സസ്പെന്റ് ചെയ്യണം. ഈ ആവശ്യം ഉന്നയിച്ച് ഡിസിസി കേരള ഹൈക്കോടതിയില്‍ അഡ്വ. ബാബു ജോസഫ് കുറുവത്താഴ മുഖേന ഹരജി നല്‍കുമെന്നും പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജിനെ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു കഴുത്തില്‍ മാരകമായി മര്‍ദ്ദനമേല്‍പ്പിച്ചു. കുന്ദമംഗലത്ത് പടനിലത്ത് വെച്ച് പ്രതിഷേധിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസും ഡിവൈഎഫ്ഐ ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചു. പഴയ ഹെല്‍മെറ്റാണ് ഇപ്പോഴത്തെ ഡിവൈഎഫ്ഐയുടെ ആയുധം. പടനിലത്തെ അക്രമത്തിന് നേതൃത്വം കൊടുത്ത ഡിവൈഎഫ്ഐ നേതാവ് പോലീസ് സ്റ്റേഷന്‍ അക്രമകേസില്‍ പ്രതിയാണ്. ഈ അക്രമത്തിന് ഇരയായവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടെയും പുരുക്ക് ഗുരുതരമാണ്. ഇത്തരം അക്രമികള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍ ജില്ലയിലെ പോലീസ് ആസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവരും.ജനാധിപത്യ സമരങ്ങളെ ക്രൂരമായി നേരിടുന്ന പിണറായിയുടെ പോലീസ് നടപയിലും ഡിവൈഎഫ്ഐ ഗുണ്ടാ അക്രമത്തിലും പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് ആറു മണിക്ക് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തും. യുഡിഎഫ് വടകര നിയോകമണ്ഡലം കണ്‍വീനര്‍ കോട്ടയില്‍ രാധാകൃഷ്ണനെ പിന്തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ആര്‍എംപി നേതൃത്വത്തില്‍ ഡിസംബര്‍ നാലിന് വൈകീട്ട് അഞ്ച് മണിക്ക് വടകര കോട്ടപറമ്പ് മൈതാനിയില്‍ പ്രതിഷേധ സംഗമം നടക്കും. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നും പ്രവീണ്‍കുമാര്‍ അറിയിച്ചു.