പ്രതിഷേധം ഫലം കണ്ടും: ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: പുതിയ ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷനെതിരെ കായികതാരങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
നേരത്തെ ഗുസ്തി ഫെഡറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റും ബി.ജെ.പിയുടെ ലോക്‌സഭാംഗവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അനുകൂലിക്കുന്നവര്‍ വന്‍വിജയം നേടിയിരുന്നു. പ്രസിഡന്റടക്കം 15ല്‍ 13 സ്ഥാനങ്ങളിലേക്കും ഈ പാനലാണ് ജയിച്ചത്. ഏഴിനെതിരെ 40 വോട്ടുകള്‍ നേടി ബ്രിജ്ഭൂഷണിന്റെ വിശ്വസ്തനും യു.പി ഗുസ്തി അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ സഞ്ജയ് സിങ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 2010ലെ കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേത്രി അനിത ഷിയോറണായിരുന്നു സഞ്ജയിന്റെ എതിരാളി. സെക്രട്ടറി ജനറല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് സഞ്ജയ് പാനല്‍ ജയിച്ചു.
വനിത ഗുസ്തിതാരങ്ങള്‍ ഗുരുതര ലൈംഗികാരോപണം ഉന്നയിച്ച ബ്രിജ്ഭൂഷണോ ബന്ധുക്കളോ മത്സരരംഗത്തുണ്ടാവില്ലെന്നായിരുന്നു കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുര്‍ പ്രക്ഷോഭകര്‍ക്ക് നല്‍കിയ ഉറപ്പ്. ഇതേത്തുടര്‍ന്നാണ് ജന്തര്‍ മന്തറിലെ സമരം പിന്‍വലിച്ചത്. പലതവണ മാറ്റിവെച്ച വോട്ടെടുപ്പ് നടന്നപ്പോള്‍ പക്ഷേ, ബ്രിജ്ഭൂഷണിന്റെ വിശ്വസ്തര്‍തന്നെ ഭൂരിഭാഗം സ്ഥാനങ്ങളിലേക്കും ജയിച്ചത് താരങ്ങള്‍ക്ക് തിരിച്ചടിയായി. ഇവരെ അനുകൂലിക്കുന്ന രണ്ടുപേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറി ജനറലായി പ്രേംചന്ദ് ലൊച്ചാബ് 27-19നും സീനിയര്‍ വൈസ് പ്രസിഡന്റായി ദേവേന്ദ്ര സിങ് കദിയാന്‍ 32-15നും ജയിച്ചു. ഹോട്ടല്‍ വ്യാപാരിയായ ദേവേന്ദ്ര സിങ് ജന്തര്‍ മന്തറില്‍ പ്രക്ഷോഭം നടത്തിയിരുന്ന താരങ്ങള്‍ക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു. സഞ്ജയ് സിങ്ങിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചിട്ടും ബ്രിജ്ഭൂഷണ്‍ പാനലിലെ രണ്ടുപേര്‍ തോറ്റത് തെരഞ്ഞെടുപ്പിനു മുമ്പെ നീക്കുപോക്കുകള്‍ ഉണ്ടാക്കിയിരുന്നുവെന്ന സംശയമുണര്‍ത്തുന്നുണ്ട്.