For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രൊഫ. ജി എന്‍ സായിബാബ ജയില്‍ മോചിതനായി

01:36 PM Mar 07, 2024 IST | Online Desk
പ്രൊഫ  ജി എന്‍ സായിബാബ ജയില്‍ മോചിതനായി
Advertisement

മുംബൈ: മാവോവാദി ബന്ധ കേസില്‍ ബോംബെ ഹൈകോടതി നാഗ്പുര്‍ ബെഞ്ച് കുറ്റമുക്തനാക്കിയ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫ. ജി.എന്‍. സായിബാബ ജയില്‍ മോചിതനായി. വിധിവന്ന് രണ്ടുദിവസത്തിന് ശേഷമാണ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അദ്ദേഹത്തെ പുറത്തുവിട്ടത്.

Advertisement

അപ്പീല്‍ സാധ്യതയുള്ളതിനാല്‍ 50,000 രൂപ കെട്ടിവെക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ തുക കെട്ടിവെച്ചിട്ടും അദ്ദേഹത്തിന്റെ മോചനം ജയില്‍ അധികൃതര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതു സംബന്ധിച്ച ഇ-മെയില്‍ സായിബാബയെ പാര്‍പ്പിച്ച നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കിട്ടിയിട്ടില്ലെന്ന് പറഞ്ഞാണ് മോചനം വൈകിപ്പിച്ചത്.

'എന്റെ ആരോഗ്യം വളരെ മോശമാണ്. ഇപ്പോള്‍ എനിക്ക് സംസാരിക്കാന്‍ കഴിയില്ല. ആദ്യം ചികിത്സ തേടണം. അതിനുശേഷമേ സംസാരിക്കാനാവൂ' -വീല്‍ചെയറില്‍ ജയിലില്‍നിന്ന് പുറത്തുവന്ന സായിബാബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലിന് പുറത്ത് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

2014ലാണ് സായിബാബ ആദ്യം അറസ്റ്റിലായത്. 2016ല്‍ ജാമ്യം കിട്ടി. പിന്നീട് വീണ്ടും അറസ്റ്റിലായ അദ്ദേഹം 2017മുതല്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.

ഗഡ്ചിറോളിയിലെ പ്രത്യേക യു.എ.പി.എ കോടതി ജീവപര്യന്തം വിധിച്ച സായിബാബയടക്കം അഞ്ചുപേരെയും 10 വര്‍ഷം ശിക്ഷിച്ച ഒരാളെയും ചൊവ്വാഴ്ചയാണ് ബോംബെ ഹൈകോടതി ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്‍മികി എസ്.എ മെനെസെസ് എന്നിവര്‍ വെറുതെ വിട്ടത്. അപ്പീല്‍ തീര്‍പ്പാക്കുംവരെ വിധി സ്‌റ്റേ ചെയ്യണമെന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹരജി നാഗ്പുര്‍ ബെഞ്ച് തള്ളിയിരുന്നു.

ആരോപണങ്ങള്‍ തെളിയിക്കാനോ തെളിവുകള്‍ കണ്ടെത്താനോ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും പ്രതികളില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചത് നിയമാനുസൃതമല്ലെന്നും അതുവഴി മുഴുവന്‍ വിചാരണയും അസാധുവാണെന്നും കോടതി പറഞ്ഞു.

10 വര്‍ഷമായി നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സായിബാബ, മഹേഷ് ടിര്‍കി, ഹേം മിശ്ര, പ്രശാന്ത് രാഹി എന്നിവരെ 50,000 രൂപ വീതം കെട്ടിവെച്ച് വിട്ടയക്കാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളില്‍ ഒരാളായ പാണ്ഡു നരോട്ടെ പന്നിപ്പനിയെ തുടര്‍ന്ന് ജയിലില്‍ മരിണപ്പെട്ടിരുന്നു. ഈ അഞ്ചുപേര്‍ക്കാണ് കീഴ്‌കോടതി ജീവപര്യന്തം വിധിച്ചത്. 10 വര്‍ഷം തടവിന് ശിക്ഷിച്ച വിജയ് ടിര്‍കി നിലവില്‍ ജാമ്യത്തിലാണ്.

2022 ഒക്ടോബര്‍ 14ന് ജസ്റ്റിസ് രോഹിത് ദേവ് അധ്യക്ഷനായ മറ്റൊരു ബെഞ്ച് സായിബാബയടക്കം അഞ്ചുപേരെയും കുറ്റമുക്തരാക്കിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിന്റെ അപ്പീലില്‍ 24 മണിക്കൂറിനകം പ്രത്യേക സിറ്റിങ് നടത്തി സുപ്രീംകോടതി ആ വിധി മരവിപ്പിച്ചു. പിന്നീട് സായിബാബയുടെ അഭിഭാഷകനും മഹാരാഷ്ട്രയും സമവായത്തിലെത്തിയതോടെ പുതുതായി വാദം കേള്‍ക്കാന്‍ നിലവിലെ ബെഞ്ചിന് വിടുകയായിരുന്നു.

90 ശതമാനം അംഗപരിമിതിയെ തുടര്‍ന്ന് വീല്‍ചെയറിലായ സായിബാബയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. സായിബാബയും മറ്റുള്ളവരും സി.പി.ഐ (മാവോയിസ്റ്റ്), റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളാണെന്നും ഒളിവില്‍ കഴിയുന്ന മാവോവാദികള്‍ക്കുള്ള സന്ദേശം പെന്‍ഡ്രൈവിലാക്കി കൊടുത്തുവിട്ടെന്നുമാണ് കേസ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യലടക്കമുള്ള കുറ്റങ്ങള്‍ക്ക് യു.എ.പി.എ ചുമത്തിയായിരുന്നു കേസ്.

Author Image

Online Desk

View all posts

Advertisement

.