പ്രോടെം സ്പീക്കറായി ഭര്‍തൃഹരി മെഹ്താബ് സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ പ്രോടെം സ്പീക്കറായി ബി.ജെ.പി എം.പി ഭര്‍തൃഹരി മെഹ്താബ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലി കൊടുത്തത്. അതേസമയം, പ്രോടെം സ്പീക്കര്‍ നിയമനത്തില്‍ എട്ടു തവണ ലോക്‌സഭ എം.പിയായ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷിനെ അവഗണിച്ചതില്‍ കടുത്ത പ്രതിഷേധം അറിയിക്കാനാണ് ഇന്‍ഡ്യ സഖ്യ തീരുമാനം. ഇതിന്റെ ഭാഗമായി കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള ഇന്‍ഡ്യ സഖ്യത്തിലെ അംഗങ്ങള്‍ പ്രോടെം സ്പീക്കര്‍ പാനലില്‍ നിന്ന് പിന്മാറി.
കൊടിക്കുന്നില്‍ സുരേഷിനെ മറികടന്ന് ഏഴു തവണ മാത്രം എം.പിയായ മെഹ്താബിനെയാണ് പ്രോടെം സ്പീക്കര്‍ ആക്കിയത്. രണ്ടു ദിവസം നീളുന്ന സത്യപ്രതിജ്ഞക്ക് മെഹ്താബിനെ സഹായിക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് അടക്കം മൂന്ന് പ്രതിപക്ഷ എം.പിമാരെയും ഉള്‍പ്പെടുത്തി. ഡി.എം.കെയുടെ ടി.ആര്‍. ബാലു, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുദീപ് ബന്ദോപോധ്യായ എന്നിവരാണ് പ്രതിപക്ഷത്തു നിന്ന് നിയോഗിക്കപ്പെട്ട മറ്റു രണ്ടുപേര്‍.
കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഭര്‍തൃഹരി മെഹ്താബിനെ പോലെ ഏഴ് തവണ തുടര്‍ച്ചയായി എം.പിയായ ബി.ജെ.പി നേതാവ് രമേശ് ചിന്‍ഡപ്പ ജിഗജിനാഗി ഉണ്ടായിട്ടും അദ്ദേഹത്തെ പ്രോട്ടേം സ്പീക്കറാക്കാതിരുന്നത് കൊടിക്കുന്നില്‍ സുരേഷിനെ പോലെ ദലിത് നേതാവ് ആയത് കൊണ്ടാണോ എന്ന് വക്താവ് ജയറാം രമേശ് ചോദിച്ചു.
ലോക്‌സഭ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സ്പീക്കറുടെ ചെയറിലിരുന്ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് കാര്‍മികത്വം വഹിക്കുകയാണ് പ്രോടെം സ്പീക്കറുടെ ഉത്തരവാദിത്തം. പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തിനും രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്കും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാതിരുന്നതു പോലെ ദലിതനായ പ്രോടേം സ്പീക്കര്‍ക്ക് മുന്നില്‍ ഉന്നത ജാതിക്കാരായ എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ബി.ജെ.പി ആഗ്രഹിക്കാത്തതു കൊണ്ടാണ് കൊടിക്കുന്നിലിനെ അവഗണിച്ചതെന്ന വാദത്തില്‍ ഇന്‍ഡ്യ സഖ്യം ഉറച്ചുനില്‍ക്കുകയാണ്.
18-ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് ഇന്ന് ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കാബിനറ്റ് മന്ത്രിമാര്‍, മറ്റു കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് അക്ഷരമാലാ ക്രമത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തില്‍ നിന്നുള്ള 18 എം.പിമാര്‍ ഇന്ന് വൈകിട്ട് നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്യുക.