ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ച് സന്ദീപ് വാര്യർ; പാർട്ടിയിൽ നിന്നും പുറത്തേക്കെന്ന് സൂചന
പാലക്കാട്: പാലക്കാട് ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തേക്ക്. നേതൃത്വത്തെ വെല്ലുവിളിച്ച് ബിജെപി വക്താവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ് വാര്യർ പാർട്ടിയിൽ നിന്നും പുറത്തേക്ക്. ബിജെപിയിൽ നിന്ന് അവഗണനയും അപമാനവും നേരിടുകയാണെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ജില്ലയിലെ പ്രധാന നേതാവ് പാർട്ടി വിടാൻ ഒരുങ്ങുന്നത് ബിജെപിക്ക് വൻ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാലക്കാട് ബിജെപിയിലെ പ്രബല വിഭാഗമായ മൂത്താൻ വിഭാഗം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനോട് ഇടഞ്ഞു നിൽക്കുന്ന ഈ ഘട്ടത്തിൽ സന്ദീപ് വാര്യർ പാർട്ടി വിടുന്നത് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. ജില്ലാ നേതൃത്വത്തിൽനിന്നും നിരന്തരമായ അവഗണന, അധിക്ഷേപം, അപമാനവും തുടർച്ചയായി നേരിടുകയാണെന്ന് സന്ദീപ് വാര്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ആരാണ് ഇതിന് പിന്നിലെന്ന് സമാന്യ യുക്തിയുള്ളവര്‍ക്ക് ബോധ്യമാകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്‍റെ പേര് പരാമര്‍ശിക്കാതെ സന്ദീപ് വാര്യര്‍ പറഞ്ഞു.
ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്നും പരിഗണന കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ടാണ് തുറന്ന് പറഞ്ഞതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ആര് അനുനയിപ്പിക്കാൻ വന്നാലും ഇനി പ്രചാരണത്തിനില്ല. ഇപ്പോള്‍ ബി ജെ പി പ്രവർത്തകനായി തുടരുമെന്നും നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയില്‍ നിന്ന് നേരിടുന്ന അവഗണനയെ കുറിച്ച് എപ്പോഴാണ് പരാതി പറയേണ്ടത്. തെരഞ്ഞെടുപ്പിന്ന് ശേഷം പരാതി പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോയെന്നും സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പ്രശ്ന പരിഹാരം പ്രതീക്ഷിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
എന്‍ഡിഎ കണ്‍വെഷനില്‍ സി കൃഷ്ണകുമാറിന്‍റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തനിക്ക് അവിടെ സീറ്റുണ്ടായിരുന്നില്ല. കണ്‍വെൻഷൻ വേദിയില്‍ ഇരിപ്പിടം ഇല്ലെന്ന് സംസ്ഥാന നേതാവ് മുഖത്ത് നോക്കി പറഞ്ഞു. പാലക്കാട് നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി. പ്രശ്നങ്ങളില്‍ ഇടപെട്ട് ആവശ്യമായ പരിഹാരം കാണാൻ താൻ അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.
മാറ്റിനിര്‍ത്തപ്പെട്ട ഒരുപാട് പേര്‍ പാലക്കാട് ബിജെപിയിലുണ്ട്. അവഗണന നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ട്. ജനാധിപത്യവിരുദ്ധ പ്രവണതയാണ് നടക്കുന്നത്. എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടായിരിക്കണം തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്. നേതൃത്വം ഇടപെട്ടിരുന്നെങ്കില്‍ ഒരു വിളിയില്‍ പരിഹരിക്കാവുന്ന വിഷയമാണ് ഇത്രയും വഷളാക്കിയത്. ഒരൊറ്റ ഫോണ്‍ കോള്‍ കൊണ്ട് പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.