Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മതേതരത്വത്തെ തകര്‍ക്കുന്നകുറ്റകരമായ മൗനം

04:30 PM Jan 11, 2024 IST | Veekshanam
Advertisement

നിരീക്ഷകന്‍
ഗോപിനാഥ് മഠത്തില്‍

Advertisement

മതേതരചിന്തയില്‍ രാജ്യം വളരെ അപകടം നേരിടുന്ന കാലമാണിത്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ഇങ്ങനൊരു സ്ഥിതിവിശേഷം സംജാതമായത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയോടെ മെച്ചപ്പെടലിനുവേണ്ടി നിയമസംഹിതയ്ക്കുള്ളില്‍ പലവിധത്തിലുള്ള ഇളക്കി പ്രതിഷ്ഠിക്കല്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്‍റില്‍ ചിലര്‍ അതിക്രമിച്ചുകടന്ന് മഞ്ഞപ്പുക പരത്തിയ പശ്ചാത്തലത്തില്‍, എത്രമാത്രം സുരക്ഷിതത്വബോധം ഭരിക്കുന്നവര്‍ക്കുണ്ടെന്ന് ചോദ്യം ചെയ്തതിന്‍റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത് അടുത്തകാലത്താണ്. ആ സസ്പെന്‍ഷന്‍റെ മറവില്‍ ധൃതിയില്‍ പല നിയമനങ്ങളും ഏകപക്ഷീയമായി പാസ്സാക്കി എടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച കുശാഗ്രബുദ്ധി ശ്രദ്ധിക്കേണ്ടതാണ്. അതൊരുപക്ഷെ ഗതികെട്ട കാലത്തിന്‍റെ ആവര്‍ത്തനമായി ഭാവിയില്‍ വീണ്ടും വിധിക്കപ്പെട്ടാല്‍ നിയമത്തിന്‍റെ മുള്‍ഞെരുക്കങ്ങളാല്‍ തകര്‍ന്നും തളര്‍ന്നും പോകുന്നത് അധഃസ്ഥിതരും ന്യൂനപക്ഷ ജനവിഭാഗങ്ങളുമായിരിക്കും. ഇവിടെ ചിന്തിക്കേണ്ടത് ജനുവരി 22 ന് ശ്രീരാമമന്ത്രങ്ങള്‍ ഉയരുന്നത് ന്യൂനപക്ഷാരാധനാലയത്തിന്‍റെ ശവപ്പറമ്പിലാണെന്നതാണ്. അവര്‍ക്ക് മറ്റൊരിടം പള്ളിയൊരുക്കാനും പ്രാര്‍ത്ഥിക്കാനും ഇടം കിട്ടിയെങ്കിലും ചരിത്രകാലത്തിന്‍റെ ആ എടുപ്പുകള്‍ക്കുള്ള ആത്മവിശുദ്ധി പുതിയ നിര്‍മ്മിതിക്ക് ഉണ്ടാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഈ വിഷയത്തിലെ കനല്‍ അണച്ചതിന് സുപ്രീംകോടതിയോടും ആ വിധിയോട് പൊരുത്തപ്പെട്ട് സമാധാനമാര്‍ഗ്ഗം സ്വീകരിച്ച ജനവിഭാഗത്തോടും ഭാരതചരിത്രം എന്നെന്നും നന്ദിയോടെ ഓര്‍ക്കും. എങ്കിലും കെട്ടടങ്ങിയ ആ വിഷയത്തിന്‍റെ ചാരത്തില്‍ നിന്ന് ഉലയൂതി തീ പകര്‍ത്താന്‍ വൃഥാ ശ്രമിക്കത്തക്കവിധത്തിലുള്ള ചില നോട്ടീസ് പതിപ്പുകള്‍ ക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗ്രാമച്ചുവരുകളില്‍ കാണാന്‍ കഴിഞ്ഞു. അവര്‍ മതസ്നേഹികളായിരിക്കില്ല, മതത്തിനുള്ളിലെ കുറുക്കന്മാരായിരിക്കും. ഇത്തരം വര്‍ഗ്ഗീയ അസുരവിത്തുകളെ പരോക്ഷമായി വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതാകട്ടെ കേന്ദ്രസര്‍ക്കാരിന്‍റെ ബിജെപിയുടെ തെറ്റായ നയങ്ങളും കീഴ് വഴക്കങ്ങളുമാണ്. അധഃസ്ഥിത ജനകോടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആശ്വാസകരമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുപകരം ഭയപ്പാട് സൃഷ്ടിക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിയുന്നുള്ളൂ. ആ ഭയത്തില്‍ നിന്ന് എങ്ങനെ തങ്ങളുടെ സ്വാര്‍ത്ഥത വിജയിപ്പിച്ചെടുക്കാമെന്ന ലക്ഷ്യം മാത്രമേ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രണേതാക്കള്‍ക്കുള്ളൂ. ഇവിടെ ഇപ്പോള്‍ സമൂഹത്തിന്‍റെ അടിത്തട്ടില്‍ നടക്കുന്നത് ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെയും കിട മത്സരമാണ്. അത് ഏപ്രിലിലോ മേയിലോ നടക്കാനിടയുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ ക്ലൈമാക്സിലെത്തുകയും ചെയ്യും. ഇത് കേരളത്തിനുമാത്രം വിധിക്കപ്പെട്ട അവസ്ഥാവിശേഷമാണെന്ന് പറയുന്നില്ല. കാരണം ഓരോ സംസ്ഥാനത്തിന്‍റെയും അടിസ്ഥാനമതപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇത് ഏറിയും കുറഞ്ഞുമിരിക്കും. അവിടെയാണ് സെക്കുലറിസത്തിന്‍റെ ദയനീയ പരാജയം. ജവഹര്‍ലാല്‍നെഹ്റുവും അംബേദ്കറും ഇന്ത്യന്‍ ജനങ്ങളില്‍ പടുത്തുയര്‍ത്തിയ പരസ്പരസ്നേഹത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും പതനവും അവിടെയാണ്.
ഇന്ത്യയില്‍ സെക്കുലറിസത്തിന്‍റെ തുടര്‍ച്ചയ്ക്ക് നരേന്ദ്രമോദിയുടെ കുറ്റകരമായ രണ്ട് മൗനങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ആദ്യത്തെ മൗനം അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. ഗോധ്രയിലെ തീവണ്ടി തീ വയ്പ്പുകേസിലെ പ്രതികളെ അറസ്റ്റു ചെയ്ത് നിയമത്തിനുമുന്നില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനുപകരം മോദി തികഞ്ഞ ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനെപ്പോലെ തോന്നിയതുപോലെ എന്തും നടത്തിക്കൊള്ളാന്‍ ഹൈന്ദവ തീവ്രവാദികള്‍ക്ക് മൗനസമ്മതം കൊടുക്കുകയായിരുന്നു. ഏതാനും മുസ്ലീം തീവ്രവാദികള്‍ നടത്തിയ പൊറുക്കാന്‍ കഴിയാത്ത തെറ്റിന് പിഴ മൂളേണ്ടി വന്നത് ഗുജറാത്ത് സംസ്ഥാനത്തെ സമസ്ത മുസ്ലീങ്ങളുമായിരുന്നു. അന്ന് കമ്പാര്‍ട്ടുമെന്‍റുകളില്‍ വെന്തുമരിച്ചത് ബാബറീമസ്ജിദ് പൊളിക്കലുമായി ബന്ധപ്പെട്ട കര്‍സേവകരായിരുന്നു. മോദി എന്ന മുഖ്യമന്ത്രിയുടെ നിതാന്ത മൗനത്തില്‍ അപ്പോള്‍ പിടഞ്ഞത് ഇന്ത്യയുടെ മതേതരഹൃദയമായിരുന്നു. അതേ മൗനത്തിന്‍റെ കുറ്റകരമായ രണ്ടാമത്തെ തുടര്‍ച്ചയായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയായപ്പോള്‍ മണിപ്പൂര്‍ വിഷയത്തിലും സ്വീകരിച്ചത്. കൊന്ന്കൊന്ന് പ്രശ്നം പരിഹരിക്കാന്‍ ജനങ്ങളെ തെരുവിലിറക്കിയ ഒരു പ്രധാനമന്ത്രിയെയായിരുന്നു അപ്പോള്‍ ഭാരതം കണ്ടത്. അദ്ദേഹത്തിന്‍റെ അജണ്ട മനസ്സിലാക്കി മണിപ്പൂരിലെ ബിജെപി മുഖ്യമന്ത്രിയും നിശബ്ദ രോദനത്തിന് അടിമയായി തീരുകയായിരുന്നു. മണിപ്പൂരിലെ രണ്ട് വംശങ്ങള്‍ പരസ്പരം കൊതിതീരെ കൊന്നുകൊണ്ടിരുന്നപ്പോള്‍ അതിന് ഇരയായവരില്‍ കൂടുതല്‍ പേരും ക്രിസ്ത്യന്‍ മതവിശ്വാസികളായിരുന്നു. പാടേ തകര്‍ക്കപ്പെട്ടത് അവരുടെ ആരാധനാലയങ്ങളായിരുന്നു. ഇത് മണിപ്പൂരിലെ മാത്രം വിഷയമല്ല. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യു.സി.എഫ്) എന്ന സംഘടന പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം രാജ്യത്ത് ദിവസേന രണ്ട് ക്രൈസ്തവര്‍ വീതം ആക്രമിക്കപ്പെട്ടു എന്നാണ്. അങ്ങനെ ആകെ 720 ക്രൈസ്തവ വിശ്വാസികള്‍ 2023 ല്‍ അക്രമത്തിനിരയായി. അവിടെയൊക്കെ തെളിയുന്ന പ്രധാന വസ്തുത അതാത് ഭരണപ്രദേശത്തെ അധികാരികളുടെ കുറ്റകരമായ മൗനം ന്യൂനപക്ഷങ്ങള്‍ക്ക് മേലുള്ള അക്രമണമായി പരിണമിക്കുന്നു എന്നതാണ്. ആ മൗനത്തുടര്‍ച്ച മതേതരത്വത്തെ ലജ്ജിപ്പിക്കത്തക്കവിധം അനുകരിക്കാന്‍ പ്രാദേശിക ഭരണാധികാരികളെ പ്രേരിപ്പിച്ചത് നരേന്ദ്രമോദിയാണ്.

വാല്‍ക്കഷണം:
എം.വി. ഗോവിന്ദന്‍ കേരളത്തിലെ സിപിഎം ജനറല്‍ സെക്രട്ടറിയായത് കോടിയേരിയുടെ അപ്രതീക്ഷിത വേര്‍പാടിന്‍റെ ഫലമാണ്. ഒരു സാത്വിക നിലപാടിന്‍റെ ഉടമയായ അദ്ദേഹത്തെ സെക്രട്ടറി സ്ഥാനം പലപ്പോഴും ഊരാക്കുടുക്കിലാക്കിയിട്ടുണ്ട്. ഒരാവേശത്തില്‍ രാവിലെ പറഞ്ഞകാര്യം നിര്‍വീര്യാവേശത്തില്‍ വൈകിട്ട് തിരുത്തി പറഞ്ഞതിന് കുറെ തെളിവുകളുണ്ട്. ഗണപതിയുടെ വിഷയം അതിലൊന്നാണ്. പക്ഷെ മാറ്റിപ്പറയാനാവാത്ത ഒരു പ്രസ്താവന അദ്ദേഹം അടുത്തിടെ പറഞ്ഞത് മുഖ്യമന്ത്രിയെ കുറിച്ചാണ്. പിണറായി വിജയന്‍ സൂര്യനെപ്പോലെയാണ്. അടുത്തുനിന്നാല്‍ കരിഞ്ഞുപോകുമെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. ഇത് ആദ്യം മനസ്സിലാക്കിയത് ഗോവിന്ദനെക്കാള്‍ മുമ്പേ പിണറായിയുടെ പോലീസുകാരാണ്. നവകേരള ബസ് തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്സുകാരെ തല്ലിയോടിച്ചതും ജലപീരങ്കിയില്‍ നനച്ചതുമൊക്കെ അവര്‍ പിണറായിയുടെ ചൂടില്‍ കത്തിപ്പോകാതിരിക്കാനാണ്. ആ കാര്യം എം.വി. ഗോവിന്ദന്‍ മനസ്സിലാക്കിയത് പിന്നീടാണ്.


Advertisement
Next Article