മനസിനും ശരീരത്തിനും മരുന്നായ് യോഗ
അതിർവരമ്പുകളിലാത്ത സംസ്കാര സമ്പന്നത നിറഞ്ഞ നാടാണ് ഭാരതം. ഭാരത പൗരാണികതയിൽ നമുക്കെല്ലാം തന്നെ അഭിമാനം കൊള്ളാവുന്നതാണ്. വേദ കാലം തുടങ്ങി പതിറ്റാണ്ടുകളായി യോഗാ ശാസ്ത്രം ഭാരതത്തിലുടനീളം സഞ്ചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം മുന്നോട്ടുവച്ചു. കൃഷ്ണാചാര്യയും ശിവാനന്ദ സ്വാമികളും സ്വാമി വിവേകാനന്ദ നും ബി കെ എസ് അയ്യങ്കാറും സത്യാനന്ദ സരസ്വതിയും വിഷ്ണു ദേവാനന്ദ സ്വാമികളും മുതൽ രവിശങ്കറും സദ്ഗുരുവും ബാബാ രാംദേവും അമൃതാനന്ദമായീ ദേവിയും എല്ലാം തന്നെ പൊതു ജനങ്ങളിൽ യോഗാ ശാസ്ത്രത്തെ എത്തിക്കാൻ വളരെയധികം പരിശ്രമിച്ചു.
ഭാരതം എന്നും ലോക നന്മയ്ക്കായി പ്രാർത്ഥിച്ച രാജ്യമാണ്. അതുകൊണ്ടുതന്നെ ഭാരതീയ ശാസ്ത്രങ്ങൾക്ക് എല്ലാം തന്നെ ആഴവും പരപ്പും കൂടുതലാണ്. ശരിയായ യോഗാസന മുറകളിലൂടെ ശരീരത്തെ ശക്തമാക്കിയും ശരിയായ ശ്വസന പ്രക്രിയയിലൂടെ ശ്വാസഗതിയെ നിയന്ത്രണ വിധേയമാക്കാനും ശരിയായ വിശ്രമത്തിലൂടെ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനും ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെ നല്ല ചിന്തകളും ശാരീരിക അവസ്ഥയും ശരിയായ ക്രിയകളിലൂടെ ആന്തരിക ശുദ്ധി വരുത്താനും ശരിയായ ബന്ധകളിലൂടെ ആന്തരിക ഊർജ്ജ പ്രവാഹത്തെ ശക്തിവത്തായി നിലനിർത്താനും ശരിയായ രീതിയിൽ യോഗ പരിശീലിക്കുന്ന ഒരാൾക്ക് സാധ്യമാകും. ജീവിതശൈലി രോഗങ്ങളെ ചിട്ടയായ ജീവിതചര്യങ്ങളിലൂടെ പൂർണമായും മറികടക്കാൻ സാധ്യമാണ്.
യോഗ ഒരു ജീവിതചര്യയായി വളർന്നുവന്നതിലൂടെ ഒരു വിഭാഗം ആളുകൾക്ക് മാനസിക ശാരീരിക ഐക്യപ്പെടലിനും ഉന്നമനത്തിലും എത്തിച്ചേരാൻ സാധ്യമായിട്ടുണ്ട്. ഭാരതീയ പൗരാണിക സങ്കല്പത്തിലെ ഗുരുശിഷ്യ ബന്ധത്തിലൂടെ ഈ ശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കാം.
യോഗാ ശാസ്ത്രത്തെ ശരിയായ രീതിയിൽ ഒരു ഗുരു മുഖത്ത് നിന്നു തന്നെ പഠിക്കാനും പരിശീലിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മഹാമാരികളാലും വിപത്തുകളാലും ജീവിതശൈലി രോഗങ്ങളാലും ലോക ജനത കഷ്ടപ്പെടുമ്പോൾ യോഗ ശാസ്ത്രത്തെ മുറുകെ പിടിച്ചവർ ആനന്ദപൂർവ്വം മുന്നോട്ടു നീങ്ങുന്നതായി കാണാം.
ലോകം ഇന്ന് ജീവിത ശൈലീ രോഗങ്ങളാൽ വളരെയധികം ആകുലതകളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. വ്യക്തികൾ മാനസിക ശാരീരിക തലങ്ങൾ ഐക്യപ്പെടാതെ പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്ക് ഊളിയിട്ടു കൊണ്ടിരിക്കുന്നു. മനസ്സിനെയും ശരീരത്തിനെയും പാകപ്പെടുത്താൻ യോഗാ ശാസ്ത്രത്തിന് സാധ്യമായതിനാൽ തന്നെ ഇന്ന് ലോകം യോഗയിലൂടെയുള്ള ഒരു ആത്മീയ യാത്രയിലാണ്. ജൂൺ 21 ആം തിയ്യതി യോഗാ ദിനമചാരിക്കുമ്പോൾ ഈ വർഷത്തെ തീം “Yoga for self and society”എന്നതാണ്.
പ്രായ ലിംഗ ഭേദമന്യേ ഇന്ന് മിക്കവരും യോഗ പരിശീലിക്കുന്നുണ്ടെങ്കിലും ഇവരിൽ സ്ത്രീകളുടെ എണ്ണം കൂടുതലാണ്. സ്ത്രീകളുടെ ശക്തിയിലാണ് രാജ്യത്തിന്റെ ഉന്നതി. ഇന്ന് ലോകം സ്ത്രീപുരുഷ ഭേദമന്യേ മുന്നേറ്റത്തിന്റെ പാതയിലാണ്. ലോകത്തിന്റെ മുന്നിൽ യോഗ പ്രചരിപ്പിക്കുവാൻ തയ്യാറായി വന്നതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഇരുപതാം നൂറ്റാണ്ട് മുതലാണ് സ്ത്രീകൾ യോഗയിൽ ശ്രദ്ധയുവാൻ തുടങ്ങിയത്. യോഗ അധ്യാപികമാരും യോഗ പരിശീലകരായ വനിതകളും ഇന്ന് അനേകായിരം ആണ്. യോഗ പരിശീലകരായ സ്ത്രീകളെ “യോഗിനി” എന്നാണ് അറിയപ്പെടുന്നത്. ബഹുമാന്യയായ ഇന്ദ്രാ ദേവിയാണ് ആദ്യത്തെ യോഗിനിയായി അറിയപ്പെടുന്നത്. സ്ത്രീകളുടെ ശാരീരിക മാനസിക ഉന്നമനം കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിന് കാരണമാകുന്നു. വളർന്നുവരുന്ന പുതുതലമുറ ഈ ശാസ്ത്രത്തെ ശരിയായ രീതിയിൽ ഏറ്റെടുത്താൽ ലോകത്ത് പല നല്ല മാറ്റങ്ങളും ഉണ്ടാക്കിയെടുക്കാം. ആ മാറ്റം ലോകത്തിന്റെ നന്മയായി ഭവിക്കുകയും ചെയ്യും.
യോഗ പരിശീലനം ആരംഭിക്കേണ്ടത് എട്ടു വയസ്സിനു ശേഷമാണ്. സ്ത്രീകൾ യോഗ ചെയ്യുന്നതിലൂടെ ഒരു സമൂഹം ഉന്നതിയിലേക്ക് എത്തുന്നു എന്ന് തന്നെ പറയാം. പുരുഷന്മാരെക്കാൾ ഒരുപാട് ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരാണ് സ്ത്രീകൾ. ഒരു പെൺകുട്ടി ആർത്തവ ആരംഭത്തിലൂടെ ഒരുപാട് മാനസിക ശാരീരിക മാറ്റത്തിലേക്ക് സഞ്ചരിക്കാൻ ആരംഭിക്കുന്നു. യോഗ പരിശീലിക്കുന്ന സ്ത്രീകൾക്ക് അവരുടെ ഹോർമോണിൽ വരുന്ന മാറ്റങ്ങളെ ബാലൻസ് ചെയ്യാനും ശരിയായ മാനസിക തലത്തിലേക്ക് ഉയർന്നുവന്ന് ഉണർന്നു പ്രവർത്തിക്കാനും സാധ്യമാകുന്നു. ഒരു സ്ത്രീയുടെ ജീവിതത്തിൽ ഗർഭകാലം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഭാരതീയ സംസ്കാരത്തിൽ ഗർഭിണിയെ മനോഹരമായ പല രീതികളിലൂടെയും സംരക്ഷിച്ചു പോരുന്നു. ഗർഭകാലത്ത് പ്രത്യേക ഭക്ഷണവും സംരക്ഷണവും ഇവർക്ക് നൽകിവരുന്നു. ഗർഭകാലത്ത് പരിശീലിക്കേണ്ട പ്രത്യേക ആസന പ്രാണ യാമ മുറകൾ ഇന്ന് പ്രചാരത്തിലുണ്ട്. ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആരോഗ്യപ്രദമാണ്.
യോഗാസന പ്രാണയാമങ്ങളിലൂടെ ആന്തരിക അവയവങ്ങൾ ശരിയായി പ്രവർത്തിക്കാനും മാനസിക ശാരീരിക ആരോഗ്യം പൂർണ്ണതയിൽ എത്തിക്കാനും കഴിയുന്നു. ഇന്ന് ജീവിതശൈലി രോഗങ്ങൾ എല്ലാവരെയും കാർന്നുതിന്നുകയാണ് പിസിഒഡി, പിസിഒഎസ്, തൈറോയിഡ്, കൊളസ്ട്രോൾ എന്നിങ്ങനെ രോഗങ്ങൾ ഒന്നിനു പുറകെ ഒന്നായി സ്ത്രീകളുടെ ഇടയിൽ ക്രമാതീതമായി വർദ്ധിച്ചു വരുന്നതായി കാണാം. ഇതിനെല്ലാം പരിഹാരമാക്കാൻ യോഗശാസ്ത്രത്തിന് സാധ്യമാണ്. സ്ത്രീകൾ ഇന്ന് സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം തന്നെ പരിഹാരമാക്കാൻ യോഗയ്ക്ക് ഒരു പരിധിവരെ സാധ്യമാണ്. യോഗ പരിശീലനം പോലെ തന്നെ ചിട്ടയായ ഭക്ഷണക്രമവും ഇതിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മനസ്സും ശരീരവും തമ്മിലുള്ള ഒരു കൂടിച്ചേരലാണ് യോഗ യാഥാർത്ഥ്യമാക്കുന്നത്. ഇന്ന് വളർന്നുവരുന്ന തലമുറയിൽ നല്ല രീതിയിൽ യോഗ പരിശീലിപ്പിക്കുന്ന യോഗിനികൾ വളർന്നുവരുന്നത് സന്തോഷകരമായ കാര്യമാണ്. ഭാവിയുടെ വാഗ്ദാനമായ ഈ യുവയോഗിനികൾ ഈ ശാസ്ത്രത്തെ പ്രചരിപ്പിക്കുവാനും ഇതിലൂടെ പൂർണ്ണ ആരോഗ്യം കൈവരിക്കാൻ വേണ്ടി നമുക്ക് ഈ യോഗ ദിനത്തിന്റെ തീമായ “yoga for self and society”എന്ന ആശയത്തിലേക്ക് ആത്മാർത്ഥമായി പ്രവർത്തിക്കാം.