മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പുഞ്ചമണ്‍ ഇല്ലം
കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' റിലീസിനൊരുങ്ങവേ ചിത്രത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയ്ക്ക് അനുവദിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്തെ പുഞ്ചമണ്‍ ഇല്ലം കുടുംബാംഗങ്ങളാണ് ഹര്‍ജി നല്‍കിയത്.
ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമണ്‍ പോറ്റി അല്ലെങ്കില്‍ പുഞ്ചമണ്‍ പോറ്റിയെന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും കഥാപാത്രം ദുര്‍മന്ത്രവാദവും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീര്‍ത്തിയെ ബാധിക്കുമെന്നുമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പുഞ്ചമണ്‍ ഇല്ലക്കാരെക്കുറിച്ച് പറയുന്നുണ്ട്. തങ്ങള്‍ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണ്. ഭ്രമയുഗം ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് സിനിമയുടെ കഥ ഐതിഹ്യമാലയില്‍ നിന്ന് എടുത്തിട്ടുള്ളതാണ് എന്നാണ്. സിനിമയിലെ നായകനായ പുഞ്ചമണ്‍ പോറ്റി ദുര്‍മന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് സമൂഹത്തിന്റെ മുന്നില്‍ കുടുംബത്തിന് ചീത്തപ്പേര് വരുത്തിവയ്ക്കും.മമ്മൂട്ടിയെപ്പോലൊരു നടന്‍ അഭിനയിക്കുന്ന സിനിമ ഒരുപാട് പേരെ സ്വാധീനിക്കും. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ഇത്തരമൊരു ചിത്രീകരണം കുടുംബത്തെ മനഃപ്പൂര്‍വം താറടിച്ചുകാണിക്കാനും സമൂഹത്തിന് മുന്‍പാകെ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നു. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഭ്രമയുഗത്തിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചിരിക്കുന്ന ട്രെയിലര്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. അബുദാബി അല്‍ വഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ ലോഞ്ച് നിര്‍വഹിച്ചത്. 2.38 മിനുട്ടാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ഭ്രമയുഗത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഫെബ്രുവരി 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. രേവതി, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭൂതകാലം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. അതിനാല്‍തന്നെ ഭ്രമയുഗത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.