മഴ ശമിച്ചു: ദുരിതമൊഴിയാതെ ചെന്നൈ
ചെന്നെ : ചെന്നൈ നഗരത്തില്‍ മഴ ശമിച്ചിട്ടും ദുരിതം ഒഴിയുന്നില്ല. മിക്കയിടങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. സാധാരണഗതിയില്‍ മൂന്നുമാസം കൊണ്ട് ലഭിക്കുന്ന മഴയാണ് രണ്ടുദിവസംകൊണ്ട് പെയ്തതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ. ചെന്നൈ നഗരത്തില്‍ മൂന്നുമാസംകൊണ്ട് ശരാശരി 55 സെന്റീമീറ്റര്‍ മഴയാണ് ലഭിക്കാറ്. എന്നാല്‍, രണ്ടുദിവസംകൊണ്ട് 50 സെന്റിമീറ്റര്‍ മഴ പെയ്തു. ചില ഭാഗങ്ങളില്‍ 24 മണിക്കൂറിനിടെ 44 സെന്റിമീറ്റര്‍വരെ മഴ പെയ്തു. അതോടെ, മുന്‍കരുതലുകളെടുത്തിട്ടും വെള്ളക്കെട്ട് തടയാന്‍ കഴിഞ്ഞില്ല. പ്രളയഭീഷണിയില്‍ വിച്ഛേദിച്ച വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുവരുകയാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.80 ശതമാനം സ്ഥലത്തും വൈദ്യുതിയെത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിലും രണ്ടുരാത്രികളായി നഗരം ഇരുട്ടിലാണ്. വൈദ്യുതിയില്ലാത്തതിനാല്‍ പല ബഹുരാഷ്ട്ര വ്യവസായ സംരംഭങ്ങളും ഉത്പാദനം നിര്‍ത്തി. പലയിടത്തും കുടിവെള്ള വിതരണം മുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ കുടിവെള്ള വിതരണം സാധാരണനിലയിലാവുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
മൊബൈല്‍ഫോണ്‍ ടവറുകളിലും ടെലിഫോണ്‍ എക്‌സ്ചേഞ്ചുകളിലും വൈദ്യുതി നിലച്ചതുകാരണം ചെന്നൈയില്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധം ഏറക്കുറെ വിച്ഛേദിക്കപ്പെട്ടുകിടക്കുകയാണ്. പ്രളയക്കെടുതികളുടെ യഥാര്‍ഥചിത്രം അതുകൊണ്ടുതന്നെ വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെങ്കിലും കേന്ദ്രത്തോട് 5,000 കോടി രൂപയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിനായി 162 ക്യാമ്പുകള്‍ സജ്ജമാക്കിയിരുന്നെങ്കിലും 43 എണ്ണമേ തുറക്കേണ്ടിവന്നുള്ളൂ. ഇവിടെ 2,477 പേര്‍ കഴിയുന്നുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റു ജില്ലകളില്‍നിന്ന് 5000 തൊഴിലാളികളെ എത്തിച്ചിട്ടുണ്ട്. നഗരസഭാ ജീവനക്കാര്‍ക്കും പോലീസിനും അഗ്‌നിരക്ഷാ സേനയ്ക്കും ദേശീയ ദുരന്തനിവാരണ സേനയ്ക്കും പുറമേ, കരസേനയും ദുരിതാശ്വാസത്തിനിറങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളും കണ്ണപ്പര്‍തിട്ടലിലെ ദുരിതാശ്വാസ ക്യാമ്പും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ചൊവ്വാഴ്ച സന്ദര്‍ശിച്ചു.സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണിതെന്നും ദുരിതാശ്വാസത്തിന് എല്ലാവരും കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.ഞായറാഴ്ച രാത്രി തുടങ്ങിയ മഴയാണ് ചെന്നൈ നഗരത്തെ വെള്ളത്തില്‍ മുക്കിയത്.