മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. തിങ്കളാഴ്ചയാണ് മഹുവ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഡിസംബര്‍ എട്ടിനായിരുന്നു മഹുവയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കിയത്.
പരാതി അന്വേഷിച്ച എത്തിക്‌സ് കമ്മിറ്റിയാണ് മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ലോക്‌സഭയില്‍ നിന്ന് മഹുവയെ പുറത്താക്കിയത്.മഹുവ മൊയ്ത്രയുടെ പെരുമാറ്റം എം.പിയെന്ന നിലയില്‍ അധാര്‍മികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്‌സ് കമ്മിറ്റിയുടെ നിഗമനങ്ങള്‍ സഭ അംഗീകരിക്കുന്നുവെന്നും അതുകൊണ്ട് അവര്‍ എം.പിയായി തുടരുന്നത് ഉചിതമല്ലെന്നുമായിരുന്നു മഹുവയെ പുറത്താക്കിക്കൊണ്ട് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞത്. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. വോട്ടെടുപ്പ് ബഹിഷ്‌കരിച്ച പ്രതിപക്ഷം പിന്നീട് സഭയില്‍ നിന്നിറങ്ങിപ്പോകുകയും ചെയ്തു.
മഹുവയെ പുറത്താക്കിയത് അംഗീകരിക്കാനാവില്ലെന്നും ബി.ജെ.പി പ്രതികാരരാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രതികരിച്ചത്. ഭരണകക്ഷിയെ നിരന്തരം വിമര്‍ശിച്ചിരുന്ന മഹുവയെ പുറത്താക്കാന്‍ ബി.ജെ.പി നേരത്തെ ആസൂത്രണം ചെയ്തിരുന്നതായും ഇത് തിരഞ്ഞെടുപ്പില്‍ മഹുവയെ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. പൊതുതിരഞ്ഞെടുപ്പിന് എട്ട് മാസങ്ങള്‍ ശേഷിക്കെയാണ് മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയത്. പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് 49കാരിയായ മഹുവ. ബി.ജെ.പിയുടെ കല്യാണ്‍ ചൗബേയെ 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചാണ് മഹുവ ലോക്‌സഭയിലെത്തിയത്.