മാന്നാര്‍ കൊലപാതകം: ശ്രീകലയെ കൊലപ്പെടുത്തിയതാണെന്ന് എഫ്‌ഐആര്‍
ആലപ്പുഴ: മാന്നാറില്‍നിന്ന് 15 വര്‍ഷം മുമ്പ് കാണാതായ ശ്രീകലയെ കൊലപ്പെടുത്തിയതാണെന്ന് എഫ്‌ഐആര്‍ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ചെന്നിത്തല-തൃപ്പെരുന്തുറ ഇരമത്തൂര്‍ ജിനുഭവനം ജിനു (48), ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ സോമരാജന്‍ (56), ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ പ്രമോദ് (40) എന്നിവരെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീകല എന്ന കലയെ ഭര്‍ത്താവ് അനില്‍കുമാര്‍ കൊലപ്പെടുത്തിയത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാംപ്രതി. ഇയാള്‍ വിദേശത്താണ്. അനിലിന്റെ സുഹൃത്തുക്കളായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
2009ലായിരുന്നു സംഭവം. പെരുമ്പുഴ പാലത്തില്‍വെച്ച് അനിലും മറ്റ് പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യുകയായിരുന്നു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. പ്രതികള്‍ എങ്ങനെയാണ് കലയെ കൊന്നതെന്നും എവിടെയാണ് കുഴിച്ചുമൂടിയതെന്നും അടക്കമുള്ള കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ പറയുന്നില്ല.
കൊലപ്പെടുത്തി വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ തള്ളിയതാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ പരിശോധന നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവശിഷ്ടമെന്ന് കരുതുന്ന ചില വസ്തുക്കള്‍ പൊലീസിന് ലഭിച്ചു. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലേ ഇവ കലയുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ.