മാന്നാര്‍ കൊലപാതകം: സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്
ആലപ്പുഴ: ശ്രീകലയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്. ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കേസില്‍ പ്രതികളായ സോമരാജന്‍, പ്രമോദ്, ജിനു ഗോപി എന്നിവരെ ചോദ്യംചെയ്ത് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തണം. ഒന്നാംപ്രതി അനില്‍കുമാറിന്റെ ഭാര്യ ശ്രീകലയെ കൊലപ്പെടുത്തിയ രീതി ഇനിയും പുറത്തുവന്നിട്ടില്ല. മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍തൃവീട്ടിലെ സെപ്റ്റിക് ടാങ്കില്‍നിന്ന് ലഭിച്ച മൃതദേഹാവിഷ്ടങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്ക് അയച്ചു. കൊലപെടുത്താന്‍ ഉപയോഗിച്ച ആയുധവും കടത്താന്‍ ഉപയോഗിച്ച വാഹനവും കണ്ടെത്തണം. കുറ്റകൃത്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് ആറുദിവസം പ്രതികളെ വിട്ടുകൊടുത്തത്.
ഫോറന്‍സിക് പരിശോധനഫലം പുറത്തുവരുന്നതിന് മുമ്പ് കൂടുതല്‍ തെളിവുകള്‍ സമാഹരിക്കുന്നതിന് ആവശ്യമായ അന്വേഷണമാവും ഇനി നടക്കുക. പ്രതികളുടെ മൊഴികളില്‍ ചില പോരായ്മകള്‍ക്ക് ഉത്തരം കണ്ടെത്തണം. ഇതില്‍ പ്രധാനം ഒന്നാംപ്രതി അനില്‍കുമാറിനെ കിട്ടിയേ മതിയാകൂ. ഇസ്രായേലില്‍ കഴിയുന്ന അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ചയും കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെയും വീട്ടുകാരുടെയും മൊഴി എടുത്തിരുന്നു. മൃതദേഹം കുഴിച്ചിട്ട അനിലിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. കൊലപാതകത്തിന്റെ ആസൂത്രണം, കൃത്യം നടത്തിയ സ്ഥലം, കുഴിച്ചിട്ടത് എവിടെ തുടങ്ങിയ കാര്യങ്ങള്‍ തെളിയിക്കുന്നതിനൊപ്പം കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യമായ തെളിവുകളും ശേഖരിക്കണം. ഇതാണ് പൊലീസ് നേരിടുന്ന പ്രധാനവെല്ലുവിളി. കൊലപാതകത്തിന് പിന്നില്‍ ശ്രീകലയെക്കുറിച്ചുള്ള അനിലിന്റെ സംശയമാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.