യുഡിഎഫിനെ ജനങ്ങള്‍ കൈവിടില്ലെന്ന് ഷാഫി പറമ്പില്‍
വടകര: യു ഡി എഫിനെ ജനങ്ങള്‍ കൈവിടില്ലെന്ന് വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. വടകരയില്‍ സമാധാനം ഉണ്ടാകണം. സ്നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടുനടക്കാനാണ് ആഗ്രഹിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് ജനാധിപത്യ മതേതര ശക്തികളുടെ തിരിച്ചുവരവ് ഉണ്ടാകുന്ന ദിവസമാകട്ടെ ഇന്ന്. പ്രാര്‍ത്ഥിക്കുന്നു. ആശിക്കുന്നു, ആശംസിക്കുന്നു. വടകരയേയും, കേരളത്തേയും സംബന്ധിച്ചിടത്തോളം തികഞ്ഞ ശുഭപ്രതീക്ഷയിലും ആത്മ വിശ്വാസത്തിലുമാണ്.
വടകരയിലെ ജനങ്ങള്‍ ഞങ്ങളെ കൈവിട്ടിട്ടില്ലെന്ന് പൂര്‍ണമായ ഉറപ്പാണ്. കംഫര്‍ട്ടബിളായിട്ടുള്ള ഭൂരിപക്ഷത്തില്‍ വടകര ഞങ്ങള്‍ക്ക് നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയാണ്. കേരളത്തില്‍ 20 സീറ്റും യു ഡി എഫ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.എക്‌സാറ്റ് പോളിന്റെ റിസല്‍ട്ട് ഇപ്പോള്‍ വരുമല്ലോ. അതാണല്ലോ യഥാര്‍ത്ഥ ജനവിധി. അതില്‍ കാര്യങ്ങളറിയാം. ഞാന്‍ എക്‌സിറ്റ് പോളല്ല, വടകരയിലെ ജനങ്ങളെ കണ്ട് വന്നതാണ്. അവരിലാണ് വിശ്വാസമെന്ന് ആദ്യമേ പറഞ്ഞതാണ്. അത് ആവര്‍ത്തിക്കുന്നു.
എക്‌സാറ്റ് പോളിന്റെ റിസല്‍ട്ട് അല്‍പ സമയം കൊണ്ട് വരുമെന്നതിനാല്‍ എക്‌സിറ്റ് പോളിനെ സംബന്ധിച്ച് ഇനി ഞാന്‍ പറയുന്നില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കും. പാലക്കാട്ടെ പ്രിയപ്പെട്ട ജനങ്ങളുടെയും, അവര്‍ ഉണ്ടാക്കിത്തന്ന ഉയരത്തില്‍ നിന്ന്, അവരുടെ തോളിലിരുന്നാണ് വടകരയിലെ കാഴ്ചകള്‍ ഞാന്‍ കണ്ടുതുടങ്ങിയത്. ആ ജനങ്ങളോടുള്ള സ്നേഹം ഒരിക്കലും മാറ്റാന്‍ പറ്റില്ല.'- ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം, വടകരയില്‍ 30630ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ ലീഡ് ചെയ്യുകയാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയാണ് രണ്ടാം സ്ഥാനത്ത്.