യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതു പോലെ നീറ്റ് പരീക്ഷയും റദ്ദാക്കണമെന്ന് പ്രതിപക്ഷം
ഡല്‍ഹി: ക്രമക്കേട് നടന്നെന്ന സംശയത്തില്‍ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതുപോലെ നീറ്റ് പരീക്ഷയും റദ്ദാക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുന്നു. നെറ്റ് പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥിനികളുടെ വിജയമാണെന്നും മോദി സര്‍ക്കാറിന്റെ അഹങ്കാരം പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു. ക്രമക്കേട് നടന്നെന്ന് ഉറപ്പായിട്ടും പരീക്ഷ റദ്ദാക്കാന്‍ കേന്ദ്രം തയാറാകാത്തത് എന്തുകൊണ്ടാണെന്നും ഖാര്‍ഗെ ചോദിച്ചു.
''പ്രധാനമന്ത്രി മോദി നിരവധി 'പരീക്ഷാ പേ ചര്‍ച്ച' നടത്തി. 'നീറ്റ് പേ ചര്‍ച്ച' എപ്പോള്‍ നടത്തും നെറ്റ് പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥിനികളുടെ വിജയമാണ്. യുവാക്കളുടെ ഭാവി നശിപ്പിക്കാനുള്ള ശ്രമത്തിനിടെ, മോദി സര്‍ക്കാറിന്റെ അഹങ്കാരത്തിനേറ്റ വലിയ പരാജയമാണിത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നില്ലെന്ന് ആദ്യം അവകാശപ്പെട്ട വിദ്യാഭ്യാസമന്ത്രി, ബിഹാറിലും ഹരിയാനയിലും ഗുജറാത്തിലും അറസ്റ്റ് ഉണ്ടായതോടെ ക്രമക്കേട് നടന്നെന്ന് സമ്മതിച്ചു. എപ്പോഴാണ് പരീക്ഷ റദ്ദാക്കുക'' -ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
പരീക്ഷാ സംവിധാനത്തിലുണ്ടായ പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി തയാറാകുമോ എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. നീറ്റിനു പിന്നാലെ നെറ്റിലും ക്രമക്കേട് നടന്നെന്ന് വ്യക്തമാകുമ്പോള്‍ രാജ്യത്തെ യുവാക്കളുടെ ഭാവിവെച്ചാണ് സര്‍ക്കാര്‍ കളിക്കുന്നതെന്നും പ്രിയങ്ക തുറന്നടിച്ചു. പരീക്ഷ റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരവും ആവശ്യപ്പെട്ടു. ക്രമക്കേടില്ലാതെ ഒറ്റ പരീക്ഷ പോലും മോദി സര്‍ക്കാറിന് നടത്താനായിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു.