Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി എന്ത് നടപടി എടുത്തെന്ന് വി.ഡി. സതീശന്‍

03:05 PM Oct 25, 2024 IST | Online Desk
Advertisement

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവും ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി എന്ത് നടപടി എടുത്തെന്ന് വി.ഡി. സതീശന്‍ ചോദിച്ചു.

Advertisement

എല്‍.ഡി.എഫിലെ ഒരു എം.എല്‍.എ ബി.ജെ.പി സഖ്യകക്ഷിയായ എന്‍.സി.പിയില്‍ ചേരാന്‍ ശ്രമിച്ചെന്ന് വാര്‍ത്തയുണ്ട്. മറ്റ് രണ്ട് എം.എല്‍.എമാര്‍ക്ക് 50 കോടി രൂപ വീതം പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇത് പിണറായിക്ക് അറിയാമായിരുന്നുവെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി എടുത്തോ?. ബി.ജെ.പിയുടെ സഖ്യകക്ഷിയായ പാര്‍ട്ടിയുടെ ഒരു മന്ത്രി വരെ പിണറായി മന്ത്രിസഭയിലുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ദിവ്യയെ സംരക്ഷിക്കുന്നത്. നവീനെതിരെ പരാതി നല്‍കിയിരിക്കുന്ന കത്ത് അന്വേഷിച്ച് പോയാല്‍ എ.കെ.ജി. സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമായിരിക്കും എത്തുകയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കേരളത്തിലെ സി.പി.എമ്മിനെ സംഘ്പരിവാര്‍ തൊഴുത്തില്‍ കൊണ്ടുകെട്ടിയ ആളാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള കേസുകളില്‍ നിന്ന് കേന്ദ്ര ഏജന്‍സിയുടെ ശ്രദ്ധതിരിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ സി.പി.എമ്മിനെ മോശം അവസ്ഥയിലാക്കി. രണ്ടാം തവണ അധികാരത്തില്‍ എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലിലെത്തി ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത്. തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ എ.ഡി.ജി.പി അജിത് കുമാറിനെ ഉപയോഗിച്ച് മുഖ്യമന്ത്രി ഗൂഢാലോചന നടത്തി. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത് കുമാര്‍ ബി.ജെ.പി നേതാക്കളെ കണ്ടത്. ഷാഫി പറമ്പിലിനെ തോല്‍പിക്കാന്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദമുണ്ടാക്കി സംഘ്പരിവാറിനെ പോലെ ആളുകളെ ഭിന്നിപ്പിച്ചത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ്.

കോണ്‍ഗ്രസ് വര്‍ഗീയതയുമായി സന്ധി ചെയ്യുന്ന പ്രസ്ഥാനമല്ല. പതിറ്റാണ്ടുകാലം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. 2019ല്‍ മാത്രമാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന നിലപാട് അവര്‍ സ്വീകരിച്ചത്. ഞാന്‍ മത്സരിച്ച അഞ്ച് തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമി എല്‍.ഡി.എഫിനാണ് പിന്തുണ നല്‍കിയിട്ടുള്ളത്.

കോണ്‍ഗ്രസിലും യു.ഡി.എഫിലും അനൈക്യമാണെന്ന് വരുത്തി തീര്‍ക്കാന്‍ നോക്കിയിട്ട് ഇപ്പോള്‍ നഷ്ടം സി.പി.എമ്മിനാണ്. ഇനിയും സി.പി.എമ്മില്‍ നിന്ന് ചോര്‍ച്ചയുണ്ടാകും ഞങ്ങളുടെ കൂടെ നിന്നും ഒരാള്‍ പോലും പോയിട്ടില്ല. ഒറ്റക്കെട്ടായാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ ദിവസവും കൂടിയാലോചനകള്‍ നടത്തി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രമ്യ ഹരിദാസിന്റെയും വിജയത്തിനായി പ്രവര്‍ത്തിക്കുന്നതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി

Tags :
featuredkeralanewsPolitics
Advertisement
Next Article